വിശ്വകവി രബീന്ദ്രനാഥ് ടഗോറിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 81 വയസ്
വിശ്വകവി രബീന്ദ്രനാഥ ടാഗോറിന്‍റെ ഓർമ്മകൾക്ക് ഇന്ന് എണ്‍പത്തി ഒന്ന് വയസ്. 1941 ഓഗസ്റ്റ് 7നാണ് ഗാന്ധിജിയുടെ ‘ഗുരുദേവൻ’ എഴുത്തിന്‍റെ ലോകത്തോട് വിടപറഞ്ഞത്. ദേശീയഗാന ശില്‍പി, താന്‍ ജീവിച്ച കാലഘട്ടത്തിലെ മഹാപ്രതിഭകളുമായി ഇന്ത്യയുടെ ആത്മാവിനെ ചേര്‍ത്തുവച്ച സഞ്ചാരി എന്നിങ്ങനെ നിരവധി വിശേഷണങ്ങൾ ടാഗോറിനുണ്ട്.
ബ്രഹ്മസമാജത്തിന്‍റെ നേതാവായ ദേബേന്ദ്രനാഥ ടാഗോറിന്‍റെ പതിനാലാമത്തെ മകനാണ് രബീന്ദ്രനാഥ് ടാഗോർ. തന്‍റെ ആദ്യ പുസ്തകമായ ‘സന്ധ്യാസംഗീതം’ പ്രസിദ്ധീകരിക്കുമ്പോൾ അദ്ദേഹത്തിന് 17 വയസ്സേ ഉണ്ടായിരുന്നുള്ളൂ. പഠനത്തിനുശേഷം, പിതാവിന്‍റെ പാതയിൽ അദ്ദേഹം ബ്രഹ്മസമാജത്തിൽ ചേർന്നു.
1910ലാണ് അദ്ദേഹത്തിന്‍റെ ഏറ്റവും പ്രശസ്ത കാവ്യ സമാഹരമായ ഗീതാഞ്ജലി പുറത്തിറങ്ങിയത്. 1912ല്‍ ടാഗോര്‍ തന്നെ ഗീതാഞ്ജലി ഇംഗ്ളീഷിലേയ്ക്ക് പരിഭാഷപ്പെടുത്തി. ആ ലോകോത്തര പരിഭാഷയ്ക്ക് അദ്ദേഹത്തിന് 1913ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ളീഷ് സര്‍ക്കാര്‍ സര്‍ ബഹുമതി നല്‍കി ടാഗോറിനെ ആദരിച്ചു. എന്നാല്‍ 1919-ല്‍ ജാലിയന്‍ വലാബാഗ് കൂട്ടകൊലയെ തുടര്‍ന്ന് ദേശസ്നേഹിയായ ടാഗോര്‍ ആ അംഗീകാരം ബ്രിട്ടീഷ് സര്‍ക്കാരിന് തിരിച്ചു നല്‍കി. സ്വാതന്ത്ര്യ സമരത്തില്‍ ഭാരതത്തിലെ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ഈ സംഭവം മുതല്‍കൂട്ടായി.
1901 ഡിസംബര്‍ 22നാണ് ടാഗോര്‍ ബദൽ പഠനത്തിന്‍റെ ആദർശ മാതൃക ലോകത്തിന് സുപരിചിതമാക്കിയ ശാന്തിനികേതന്‍ സ്ഥാപിച്ചത്. 1908-ൽ ബംഗാൾ കോൺഗ്രസിന്‍റെ പ്രസിഡന്‍റായ അദ്ദേഹം ചരിത്രത്തിലാദ്യമായി ബംഗാളി ഭാഷയിൽ പ്രസംഗം നടത്തി. 1912ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ടഗോര്‍ പാടി അവതരിപ്പിച്ചു ജനതയ്ക്കു നല്‍കിയതാണ് ‘ജനഗണമന’.