അധ്യക്ഷ പോരാട്ടം മുറുകുന്നു; തരൂർ യുപിയിലും, ഖാർഗെ കൊൽക്കത്തയിലും അസമിലും പ്രചാരണം നടത്തും
ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശശി തരൂർ ഇന്ന് ഉത്തർപ്രദേശിലെത്തും. ലഖ്നൗവിലെ പിസിസി ആസ്ഥാനത്ത് പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ ശശി തരൂരിന് താൽപ്പര്യമുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി ആവർത്തിക്കാൻ സാധ്യതയുണ്ട്. മല്ലികാർജുൻ ഖാർഗെ ഇന്ന് കൊൽക്കത്തയിലും അസമിലും പ്രചാരണം നടത്തും. അസമിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
പരിചയസമ്പന്നനായ താൻ രാഷ്ട്രീയത്തിലേക്ക് പൊട്ടി വീണതല്ലെന്ന് ഖാർഗെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാർട്ടിയെ സ്നേഹിക്കുന്ന വലിയൊരു വിഭാഗത്തിന്‍റെ പിന്തുണ തനിക്കുണ്ടെന്നും ഖാർഗെ പറഞ്ഞു. “പാർട്ടിയെ സ്നേഹിക്കുന്നവരുടെ അനുഗ്രഹം എനിക്കുണ്ട്. പാർട്ടിയുടെ താഴേത്തട്ടിൽ നിന്ന് ഉയർന്നുവന്ന നേതാവാണ് ഞാൻ. രാഷ്ട്രീയത്തിലേക്ക് എടുത്ത് ചാടിയ ആളല്ല. സോണിയ ഗാന്ധി നല്ല അവസരങ്ങൾ നൽകി,” അദ്ദേഹം പറഞ്ഞു.
ഹൈക്കമാൻഡിന്‍റെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് ഭാരവാഹികൾ പ്രചാരണം നടത്തുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ഖാർഗെ പ്രതികരിച്ചില്ല. ഒരു വലിയ വിഭാഗം ആളുകൾ തന്നോടൊപ്പമുള്ളതിന് തനിക്ക് എന്തുചെയ്യാൻ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. നേതാക്കൾ സ്വമേധയാ തന്നെ പിന്തുണയ്ക്കുന്നതാണ്. അഭ്യർത്ഥന മാനിച്ച് മൂന്ന് പേർ രാജിവെച്ച് പ്രചാരണത്തിനായി തന്നോടൊപ്പം യാത്ര ചെയ്യുന്നുണ്ടെന്നും ഖാർഗെ പറഞ്ഞു.