പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തികളുടെ ഗുണനിലവാരം പരിശോധിക്കും; മന്ത്രി മുഹമ്മദ്‌ റിയാസ്

കൊല്ലം: പൊതുമരാമത്ത് വകുപ്പുകളുടെ പ്രവർത്തികളുടെ ഗുണനിലവാരം പരിശോധിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മാനുവൽ പ്രകാരമാണോ നിർമ്മാണം എന്ന് വിലയിരുത്തും എന്ന് മന്ത്രി പറഞ്ഞു. ഗുണനിലവാരം ഇല്ലാത്തത് റോഡുകളും മറ്റും തകരാൻ ഇടയാക്കുന്നു. അതിനാൽ മൊബൈൽ ക്വാളിറ്റി ലാബുകൾ സജ്ജമാക്കുമെന്നും നി‍ര്‍മ്മാണ പ്രവ‍ര്‍ത്തനം നടക്കുമ്പോൾ തന്നെ മൊബൈൽ ക്വാളിറ്റി ലാബുകൾ  എത്തിച്ച് റോഡ് നി‍ര്‍മ്മാണത്തിൻ്റെ ഗുണനിലവാര പരിശോധന നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വിശദമാക്കി. കൊല്ലത്തെ റോഡുകളിലെ പരിശോധനയ്ക്കും അവലോകന യോഗത്തിനും ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

അതോടൊപ്പം മൂന്ന് മേഖലകളിൽ മൂന്ന് മൊബൈൽ ക്വാളിറ്റി ലാബുകൾ 2023ൽ സജ്ജമാക്കും എന്നും, നിർമാണം നടത്തുന്ന സ്ഥലത്ത് എത്തി അപ്പോൾ തന്നെ പരിശോധന നടത്തും, കെ.എച്.ആർ.ഐ ലാബുകൾ വിപുലീകരിക്കും, പരിശോധനക്ക് അത്യാധുനിക ഉപകരണങ്ങൾ സ്ഥാപിക്കും അതിനുള്ള സാങ്കേതികവിദ്യ വിദേശ നിലവാരത്തിൽ സ്ഥാപിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

കൊല്ലത്ത് പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിട നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തികൾ വേഗത്തിലല്ലെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു. പത്തും പന്ത്രണ്ടും വർഷമായി നീങ്ങാത്ത പ്രവൃത്തികളുണ്ട്, ഇക്കാര്യത്തിൽ തുട‍ര്‍ നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.