പ്രകൃതിദുരന്ത സാധ്യത കൂടുതൽ; കുട്ടികളെയും പ്രതിരോധ പ്രവർത്തനം പഠിപ്പിക്കുന്ന ജപ്പാൻ

ഭൂകമ്പ സാധ്യത ഏറെയുള്ള സ്ഥലമാണ് ജപ്പാൻ. ധാരാളം അഗ്നിപർവ്വതങ്ങളുണ്ട്. അത്തരമൊരു സങ്കീർണ്ണമായ ഭൗമാന്തരീക്ഷം കാരണം പുരാതന കാലം മുതൽക്കേ ജപ്പാനിൽ പ്രകൃതിദുരന്തങ്ങൾ സാധാരണമാണ്. കൊടുങ്കാറ്റുകൾ, ചുഴലിക്കാറ്റുകൾ, സുനാമികൾ മുതലായവ രാജ്യത്ത് സംഭവിച്ചിട്ടുണ്ട്. ജപ്പാനിലെ 2011 ലെ ടൊഹോക്കു ഭൂകമ്പവും സുനാമിയുമാണ് സമീപകാല സംഭവങ്ങളിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന്. 19,759 പേരാണ് ഈ പ്രകൃതിദുരന്തത്തിൽ കൊല്ലപ്പെട്ടത്. സമീപകാലത്ത്, ജപ്പാനിൽ ഗറില്ലാ റെയിൻഫാൾ എന്ന പ്രതിഭാസവും ഉണ്ട്. ഒരു സ്ഥലത്ത് പൊടുന്നനെ മഴ പെയ്യുകയും ദുരിതം വിതയ്ക്കുകയും ചെയ്യുന്ന സാഹചര്യമാണിത്.

ജപ്പാന്‍റെ പ്രത്യേകത ഒരിക്കലും തളരാത്ത ആത്മവിശ്വാസവും അനുഭവങ്ങളിൽ നിന്ന് പഠിക്കാനുള്ള കഴിവുമാണ്. ലോകത്തെ നടുക്കിയ ആണവ ആക്രമണത്തെ അതിജീവിച്ച രാജ്യമാണ് ജപ്പാൻ. നിരവധി ദുരന്തസാധ്യതകളാൽ ചുറ്റപ്പെട്ടിട്ടുണ്ടെങ്കിലും, അതിനെ മറികടക്കാൻ അവർ വളരെക്കാലമായി പഠനങ്ങളും പ്രവർത്തനങ്ങളും നടത്തുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ അവർ കുട്ടികളെ ദുരന്ത നിവാരണവും പഠിപ്പിക്കുന്നു. 2011-ലെ സുനാമിയുടെ സമയത്ത് പോലും ജാപ്പനീസ് വിദ്യാർത്ഥികൾ സമചിത്തതയും കരുതലും പ്രകടിപ്പിച്ചു.

ഡേ കെയർ സെന്‍ററുകളിൽ നിന്ന് തന്നെ, ജപ്പാൻ കുട്ടികളെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ പഠിപ്പിക്കുന്നു. പ്രൈമറി, ഹൈസ്കൂൾ തലങ്ങളിലും ദുരന്ത നിവാരണ വിദ്യാഭ്യാസം നൽകുന്നു. സെപ്റ്റംബർ 1 രാജ്യത്ത് ദുരന്ത നിവാരണ ദിനമായാണ് ആചരിക്കുന്നത്. തുടർന്നുള്ള ആഴ്ച ദുരന്ത നിവാരണ വാരമായും ആഘോഷിക്കുന്നു. അപായ ഭൂപടങ്ങൾ എന്നറിയപ്പെടുന്ന മാപ്പുകൾ സ്കൂളുകളിൽ സ്ഥാപിച്ചിട്ടുണ്ട്. ഈ മാപ്പുകൾ കുട്ടികൾക്ക് ദുരന്തം സംഭവിക്കാൻ സാധ്യതയുള്ള സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകും. കൂടാതെ, ഒരു ദുരന്തമുണ്ടായാൽ ഏതൊക്കെ റൂട്ടുകൾ വഴി രക്ഷപ്പെടാൻ കഴിയും എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും നൽകും.