കടലിനെ തടയുന്ന ടെട്രാപോഡ്; ചെല്ലാനത്തിന് ആശ്വാസം
ചെല്ലാനം: കാലാകാലങ്ങളായി കടലിന്‍റെ ഭീഷണിയെ തുടർന്ന് ദുരന്തം വിതയ്ക്കുന്ന ചെല്ലാനം തീരപ്രദേശം ഇത്തവണ ശാന്തമാണ്. സംസ്ഥാനത്ത് കാലവർഷം ശക്തമായിട്ടും ചെല്ലാനത്ത് കടൽക്ഷോഭ ഭീഷണി രൂക്ഷമായ പല പ്രദേശങ്ങളിലും വെള്ളം കയറിയിട്ടില്ല. ടെട്രാപോഡ് പദ്ധതി ഉൾപ്പെടെ ജലസേചന വകുപ്പിന് കീഴിൽ നടപ്പാക്കിയ 344 കോടി രൂപയുടെ തീരദേശ സംരക്ഷണ പ്രവർത്തനങ്ങൾ ഈ ഗ്രാമത്തിൽ അതിശയകരമായ മാറ്റങ്ങൾ കൊണ്ടുവന്നു. കടൽക്ഷോഭ ഭീഷണിയെ നേരിടാൻ ചെല്ലാനം നിവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണ് കടൽഭിത്തി. ചെല്ലാനത്ത് ടെട്രാപോഡ് പദ്ധതിയുടെ പണി പുരോഗമിക്കുകയാണ്. പകുതി പണി പൂർത്തിയായപ്പോൾ തന്നെ ആശ്വാസമായെന്നും ഇത്തവണ മഴ കൂടിയിട്ടും കടൽ കയറിയിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചെല്ലാനത്തെ കടൽക്ഷോഭം വലിയ ദുരന്തത്തിന് കാരണമായിട്ടുണ്ട്. എന്നാൽ ഇത്തവണ ചെല്ലാനത്ത് ടെട്രാപോഡ് സ്ഥാപിച്ച സ്ഥലങ്ങൾ സുരക്ഷിതമാണ്. കിഫ്ബിയുടെ സഹായത്തോടെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ടെട്രാപോഡ് സ്ഥാപിക്കുന്നത്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ സെന്‍റർ ഫോർ കോസ്റ്റൽ റിസർച്ച് (എൻസിസിആർ) തയ്യാറാക്കിയ 344.20 കോടി രൂപയുടെ പദ്ധതിയാണ് ചെല്ലാനത്ത് നടപ്പാക്കുന്നത്.
ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വരെയുള്ള 17.9 കിലോമീറ്ററിൽ ആദ്യ ഘട്ടം കണ്ണമാലി വരെ 7.32 കിലോമീറ്ററാണ്. 6.10 മീറ്റർ ഉയരവും 24 മീറ്റർ വീതിയുമുള്ളതാണ് കടൽഭിത്തി. 2022 ജനുവരി മൂന്നിന് ആരംഭിച്ച നിർമ്മാണം സമയബന്ധിതമായി പൂർത്തിയായി വരികയാണ്. ടൂറിസം സാധ്യതകൾ കണക്കിലെടുത്ത് കടലിന് അഭിമുഖമായി 3 മീറ്റർ വീതിയിൽ നടപ്പാതയും നിർമ്മിക്കുന്നുണ്ട്. തങ്ങളുടെ ദീർഘകാലമായുള്ള ആവശ്യം നിറവേറ്റപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് ചെല്ലാനം നിവാസികൾ പറയുന്നു.