ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ നഗരങ്ങൾ; ആദ്യ പത്തിൽ 3 എണ്ണം ഇന്ത്യയില്‍

ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ നഗരങ്ങളിൽ ഗുജറാത്തിലെ അഹമ്മദാബാദ് എട്ടാം സ്ഥാനത്ത്. ചെന്നൈയും ബെംഗളൂരുവും യഥാക്രമം 9, 10 സ്ഥാനങ്ങളിലാണ്. ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങൾ സിംഗപ്പൂരും ന്യൂയോർക്കുമാണ്. ഇക്കണോമിസ്റ്റ് ഇന്‍റലിജൻസ് യൂണിറ്റിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ ഇരു നഗരങ്ങളും ഒന്നാം സ്ഥാനം പങ്കിട്ടു. 2021 ലെ റിപ്പോർട്ടിൽ ഒന്നാമതെത്തിയ ഇസ്രായേലിന്‍റെ ടെൽ അവീവ് ഇത്തവണ മൂന്നാം സ്ഥാനത്താണ്. ഹോങ്കോങ്ങും ലോസ് ഏഞ്ചൽസും നാലാം സ്ഥാനത്താണ്.

170 ലധികം നഗരങ്ങളിലെ സാധനങ്ങളുടേയും സേവനങ്ങളുടെയും വില താരതമ്യം ചെയ്താണ് പട്ടിക തയ്യാറാക്കിയത്. മുൻ വർഷത്തെ അപേക്ഷിച്ച് ശരാശരി 8.1 ശതമാനമാണ് ഈ നഗരങ്ങളിലെ വിലക്കയറ്റം. 2021 ൽ ഈ നഗരങ്ങളിലെ ശരാശരി പണപ്പെരുപ്പം 3.5 ശതമാനം മാത്രമായിരുന്നു. റഷ്യ-ഉക്രൈൻ യുദ്ധത്തെ തുടർന്നുണ്ടായ ഊർജ്ജ പ്രതിസന്ധിയും പണപ്പെരുപ്പവും ജീവിതച്ചെലവ് കുത്തനെ ഉയർത്തി.

അതേസമയം, സിറിയൻ തലസ്ഥാനമായ ദമാസ്കസ് ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ നഗരമായി തിരഞ്ഞെടുക്കപ്പെട്ടു. പട്ടികയിലെ ഏറ്റവും ചെലവ് കുറഞ്ഞ 10 നഗരങ്ങളിൽ മൂന്നെണ്ണം ഇന്ത്യൻ നഗരങ്ങളാണ്.