Latestകേരളം

മകളുടെ ഭര്‍ത്താവിനെ ലോറിയിടിപ്പിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റില്‍

തിരുവനന്തപുരം: മകളുടെ ഭർത്താവിനെ ലോറിയിടിപ്പിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റില്‍. വെമ്ബായം തേക്കട കുണൂർ സിയോണ്‍കുന്ന് പനച്ചുവിള വീട്ടില്‍ ജോണ്‍ (48) ആണ് അറസ്റ്റിലായത്.ജോണിന്റെ മകളുടെ ഭർത്താവ് വെമ്ബായം വേറ്റിനാട് കളിവിളാകം സുഭദ്രാ ഭവനില്‍ അഖില്‍ജിത്തി(30)നെയാണ് ഇയാള്‍ ലോറിയിടിപ്പിച്ച്‌ കൊല്ലാൻ ശ്രമിച്ചത്. ലോറിയിടിച്ച്‌ അരയ്ക്കുതാഴെ ഗുരുതരമായി പരിക്കേറ്റ അഖില്‍ജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ജോണിന്റെ മകള്‍ അജീഷ(21)യും അഖില്‍ജിത്തുമായി പ്രണയത്തിലായിരുന്നു. ഒരു മാസം മുമ്ബ് കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച്‌ അജീഷ അഖില്‍ജിത്തിനെ വിവാഹം കഴിച്ചു. അഖില്‍ജിത്തിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇക്കാര്യം അറിഞ്ഞതോടെ സഹോദരങ്ങള്‍ അജീഷയെ തിരികെ വിളിച്ചുകൊണ്ട് വന്നെങ്കിലും ഒരാഴ്ച്ച മുമ്ബ് യുവതി ഭർത്താവിനടുത്തേക്ക് മടങ്ങിപ്പോയിരുന്നു.

ശനിയാഴ്ച വൈകീട്ടോടെ സിഎസ്‌ഐ പള്ളിക്കു സമീപത്തേക്കു വരുമ്ബോള്‍ അജീഷയെയും അഖിലിനെയും വഴിയരികില്‍ ജോണ്‍ കണ്ടുമുട്ടി. സ്വന്തം ലോറി ഓടിച്ചുവന്ന ജോണ്‍ ഇവരെക്കണ്ട് വാഹനം നിർത്തി. ഇവർ തൊട്ടടുത്ത കടയില്‍നിന്നു കാറിലേക്കു കയറുന്നതിനിടെ ജോണ്‍ ഇവർക്കുനേരേ ലോറി ഇടിച്ചുകയറ്റുകയായിരുന്നു.

അഖില്‍ജിത്ത് ലോറിക്കും കാറിനുമിടയില്‍ പെട്ടുപോയി. ഗുരുതരമായി പരിക്കേറ്റ അഖില്‍ജിത്തിനെ നാട്ടുകാർ ചേർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് പൊലീസ് എത്തി ജോണിനെ അറസ്റ്റുചെയ്യുകയും ലോറി പിടിച്ചെടുക്കുകയും ചെയ്തു. അഖില്‍ജിത്ത് മുൻപ് മറ്റൊരു വിവാഹം കഴിച്ചതാണെന്നും അതിനാലാണ് വിവാഹത്തെ എതിർത്തതെന്നും വീട്ടുകാർ പറഞ്ഞതായി പൊലീസ് അറിയിച്ചു.