സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി യാഥാർഥ്യത്തിലേക്ക്.
തിരുവനന്തപുരം
സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി യാഥാർഥ്യത്തിലേക്ക്. രാജ്യത്തുതന്നെ ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികളുടെ ക്ഷേമത്തിനായി രൂപീകരിക്കുന്ന ക്ഷേമനിധി 15ന് പാലക്കാട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. പെൻഷൻ, വിവാഹ ധനസഹായം, പഠനസഹായം ഉൾപ്പെടെ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളി കുടുംബാംഗങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതാണ് ക്ഷേമനിധി.
41 ലക്ഷം കുടുംബവും 63 ലക്ഷം തൊഴിലാളികളും സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും രജിസ്റ്റർ ചെയ്തവർക്ക് ക്ഷേമനിധി അംഗത്വം സ്വീകരിക്കാം. രജിസ്റ്റർ ചെയ്യുന്ന തൊഴിലാളി മാസം അടയ്ക്കുന്ന 50 രൂപ അംശദായത്തിന് തുല്യമായ തുക സർക്കാർ വിഹിതമായി നൽകും. 18 വയസ്സ് പൂർത്തിയായതും 55 പൂർത്തിയാക്കിയിട്ടില്ലാത്തവരും അംഗത്വത്തിന് അപേക്ഷിക്കുന്ന വർഷമോ അതിനു തൊട്ടുമുമ്പുള്ള രണ്ടു വർഷങ്ങളിലോ ഏതെങ്കിലും ഒരു വർഷം കുറഞ്ഞത് 20 ദിവസമെങ്കിലും അവിദഗ്ധ തൊഴിലിൽ ഏർപ്പെട്ടിട്ടുള്ളവരുമായവർക്ക് അംഗങ്ങളാകാം.
60 പൂർത്തിയായിട്ടുള്ളതും 60 വരെ തുടർച്ചയായി അംശദായം അടയ്‌ക്കുകയും ചെയ്‌തവർക്ക് പെൻഷൻ, 10 വർഷത്തിൽ കുറയാത്ത കാലത്തേക്ക് അംശദായം അടച്ച അംഗം മരണപ്പെട്ടാൽ കുടുംബപെൻഷൻ, അസുഖം അല്ലെങ്കിൽ അപകടംമൂലം ഒരംഗം മരണപ്പെട്ടാൽ സാമ്പത്തികസഹായം, അംഗഭംഗം അല്ലെങ്കിൽ അവശതമൂലം തൊഴിൽ ചെയ്യാൻ കഴിയാതെ അംഗത്വം അവസാനിപ്പിക്കേണ്ടിവന്നാൽ അടച്ച അംശദായതുക നിർദേശിക്കപ്പെട്ട പലിശസഹിതം തിരികെ ലഭ്യമാകും, ഗുരുതരമായ രോഗം ബാധിച്ച അംഗങ്ങൾക്ക് ചികിത്സയ്ക്കായി സാമ്പത്തിക സഹായം, വനിതാ അംഗങ്ങളുടെയും അംഗങ്ങളുടെ പെൺമക്കളുടെയും വിവാഹം, വനിതാ അംഗങ്ങളുടെ പ്രസവം എന്നിവയ്ക്ക് സാമ്പത്തിക സഹായം, അംഗങ്ങളുടെ മക്കളുടെ പഠനാവശ്യത്തിന് സാമ്പത്തിക സഹായം തുടങ്ങിയ ആനുകൂല്യങ്ങൾ ക്ഷേമനിധി അംഗങ്ങൾക്ക് ലഭിക്കും.