Latestകേരളം

നെഞ്ചുവേദനയെ തുടർന്ന് ട്രെയിനില്‍ കുഴഞ്ഞുവീണ യുവാവിന് ദാരുണാന്ത്യം

നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ യുവാവിന് ആംബുലൻസ് കിട്ടാത്തതിനെ തുടർന്ന് ജീവൻ നഷ്ടമായി. ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്ത് (26) ആണ് മരിച്ചത്.മുംബൈ – എറണാകുളം ഓഖ എക്സ്പ്രസില്‍ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ട്രെയിനില്‍ തൃശ്ശൂരിലേക്ക് വരുന്നതിനിടയില്‍ ഷൊർണ്ണൂർ പിന്നിട്ടപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ട ശ്രീജിത്ത് കുഴഞ്ഞു വീഴുകയായിരുന്നു. പിന്നീട് ഒപ്പം ഉണ്ടായിരുന്നവർ ടിടിഇയെ അറിയിച്ചെങ്കിലും തൊട്ടടുത്ത വള്ളത്തോള്‍ നഗർ സ്റ്റേഷനില്‍ ട്രെയിൻ നിർത്തില്ല.

തുടർന്ന് ശ്രീജിത്തിനെ മുളങ്കുന്നത്തുകാവ് റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിയെങ്കിലും ആംബുലൻസ് ലഭിക്കാത്തതിനാല്‍ അരമണിക്കൂറോളം നേരം പ്ലാറ്റ്ഫോമില്‍ കിടത്തി. പിന്നീട് ലഭിച്ച ആംബുലൻസില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവ് മരണപ്പെടുകയായിരുന്നു. അടിയന്തര സഹായത്തിന് ഹെല്‍പ്പ് ലൈൻ നമ്ബറില്‍ അടക്കം ബന്ധപ്പെട്ടിരുന്നു. പക്ഷേ തക്കസമയത്ത് ആംബുലൻസ് ലഭിക്കാതിരുന്നതാണ് യുവാവിന്‍റെ ജീവൻ നഷ്ടപ്പെടുന്നതിന് കാരണമായത്. ചാലക്കുടി മാരാംകോട് സ്വദേശി മുണ്ടോപ്പള്ളി സുബ്രന്‍റെ മകനാണ് മരണപ്പെട്ട ശ്രീജിത്ത്.