Latestകേരളം

തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിയ രോഗി മൂന്ന് പേരെ കുത്തി പരിക്കേല്‍പ്പിച്ചു

തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിയ രോഗി മൂന്ന് പേരെ കുത്തി പരിക്കേല്‍പ്പിച്ചു. ആലുവയില്‍ നിന്ന് എത്തിച്ച നേപ്പാള്‍ സ്വദേശി സൂരജ് (31) ആണ് പുലർച്ചെ ഒന്നേമുക്കാലോടെ തടവ് ചാടിയത്.കോട്ടപ്പുറത്ത് വിദ്യാർത്ഥികള്‍ താമസിക്കുന്ന വീട്ടിലേക്കാണ് ഇയാള്‍ ആദ്യം എത്തിയത്.

വീട്ടുടമയായ മുരളി ചോദ്യം ചെയ്തതോടെ ഇയാള്‍ മുരളിയെ കുത്തി പരിക്കേല്‍പ്പിച്ചു. പിന്നാലെ പടിഞ്ഞാറെ കോട്ടയില്‍ എത്തിയ സൂരജിനെ തടയാൻ ശ്രമിച്ച ബെന്നി വില്‍സണ്‍, അജിത്ത് എന്നിവരെയും കുത്തിപ്പരിക്കേല്‍പ്പിച്ചിട്ടുണ്ട്. മൂന്നുപേരെയും ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ല. സൂരജിനെ പിന്നീട് നാട്ടുകാരും പൊലീസ് ചേർന്ന് കീഴ്പ്പെടുത്തി. ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

സംഭവത്തില്‍ ഹൈക്കോടതി പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് പൊലീസില്‍ നിന്ന് റിപ്പോർട്ട് തേടിയത്. രോഗി മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടാൻ ഇടയായ സാഹചര്യത്തെക്കുറിച്ച്‌ അടക്കം വിശദമായ റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കാനാണ് നിർദേശം.