യുവാവിനെ കടിച്ചു കൊന്ന കടുവയെ കണ്ടെത്തുന്നതിനായി തെരച്ചില്‍ ഊര്‍ജിതമാക്കി വനം വകുപ്പ്.
സുല്‍ത്താന്‍ ബത്തേരി വാകേരിയില്‍ യുവാവിനെ കടിച്ചു കൊന്ന കടുവയെ കണ്ടെത്തുന്നതിനായി തെരച്ചില്‍ ഊര്‍ജിതമാക്കി വനം വകുപ്പ്. മൂന്ന് സംഘങ്ങളായാണ് പ്രദേശത്ത് വനം വകുപ്പ് തെരച്ചില്‍ നടത്തുന്നത്. കടുവ പ്രജീഷിനെ ആക്രമിച്ച് കൊന്ന സ്ഥലം കേന്ദ്രീകരിച്ചാണ് പരിശോധന. കടുവയക്കായി വലിയ രീതിയിലുള്ള തെരച്ചിലാണ് ആരംഭിച്ചിരിക്കുന്നത്. കടുവ അധിക ദൂരം പോയില്ലെന്നാണ് നിഗമനം. എന്തിനും സജ്ജമായിട്ടാണ് വനംവകുപ്പ് സ്ഥലത്തെത്തിയിരിക്കുന്നത്. കടുവയെ മയക്കുവെടിവെക്കുന്നതിനുള്ള ടീമും സജ്ജമാണ്. വെറ്ററിനറി ടീമും സുല്‍ത്താന്‍ ബത്തേരിയില്‍ ഒരുങ്ങിനില്‍ക്കുകയാണ്.
ആദ്യഘട്ടത്തില്‍ കടുവയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള ഉത്തരവായിരിക്കും ഇറങ്ങുകയെന്നാണ് വിവരം. ഇതിന്‍റെ ഉത്തരവിറങ്ങിയ ഉടന്‍ അതിനുള്ള നടപടി ആരംഭിക്കാനാണ് തീരുമാനം. ഉത്തരവിറങ്ങിയാല്‍ മയക്കുവെടിവെക്കുന്ന ആര്‍ആര്‍ടി സംഘം വാകേരിയിലേക്ക് പോകും. കടുവയെ കണ്ടെത്തുന്നതിനായി സ്ഥലത്ത് നേരത്തെ ക്യാമറ ഉള്‍പ്പെടെ സ്ഥാപിച്ചിരുന്നു. കടുവയുടെ കാൽപ്പാടുകൾ നോക്കിയാണിപ്പോള്‍ തെരച്ചില്‍ നടത്തുന്നത്. കടുവയുടെ ആക്രമണത്തില്‍ പ്രജീഷ് കൊല്ലപ്പെട്ടതിന്‍റെ ഞെട്ടലിലാണ് പ്രദേശവാസികള്‍.