മീനങ്ങാടിയിൽ നാട്ടിലിറങ്ങിയ കടുവ പിടിയിൽ; കുടുങ്ങിയത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ

വയനാട്: മീനങ്ങാടിയിൽ ജനവാസമേഖലയിൽ പ്രവേശിച്ച കടുവ കൂട്ടിലായി. മീനങ്ങാടി കുപ്പമുടി എസ്റ്റേറ്റിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. വ്യാഴാഴ്ച പുലർച്ചെയാണ് കടുവ കൂട്ടിലായത്. എടക്കൽ ഗുഹയിലേക്കുള്ള വഴിയിൽ കുപ്പമുടി എസ്റ്റേറ്റിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുവയുടെ ചലനങ്ങൾ നിരീക്ഷിച്ച ശേഷമാണ് കൂട് സ്ഥാപിച്ചത്. മീനങ്ങാടി, അമ്പലവയൽ പഞ്ചായത്തുകളിൽ ഒരു മാസത്തിലേറെയായി കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. രണ്ട് കടുവകളുണ്ടെന്ന് വനം വകുപ്പ് പറയുന്നു.

രണ്ടാമത്തെ കടുവയ്ക്കായുള്ള തെരച്ചിൽ എസ്റ്റേറ്റിൽ തുടരുകയാണ്. എസ്റ്റേറ്റിലെ ബാക്കി സ്ഥലങ്ങളിൽ തിരച്ചിൽ നടത്തേണ്ടതുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. ഇരുപതിലധികം ആടുകളെ വേട്ടയാടിയിരുന്നു.