കരിഞ്ചന്തയില്‍ റെയില്‍വേ ടിക്കറ്റ് ; അന്യസംസ്ഥാനതട്ടിപ്പ് സംഘാംഗങ്ങള്‍ അറസ്റ്റില്‍

കണ്ണൂർ : ട്രെയിൻ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്ന ഉത്തരേന്ത്യക്കാരടങ്ങിയ സംഘം അറസ്റ്റില്‍. പാലക്കാട് ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണർ നവീൻ പ്രശാന്തിന്റെ പ്രത്യേക നിർദേശത്തെ തുടർന്ന് റെയില്‍വേ സുരക്ഷാസേന കണ്ണൂർ, റെയില്‍വേ ക്രൈം ബ്രാഞ്ച് പാലക്കാട് എന്നിവർ സംയുക്തമായി കഴിഞ്ഞ രണ്ടു ദിവസമായി നടത്തിയ പരിശോധനയിലാണ ഒഡിഷ സ്വദേശി ഇന്ധർ ഉദ്ധിൻ(28), വെസ്റ്റ് ബംഗാള്‍ സ്വദേശി മിർജ സബേത് (26)എന്നിവരുള്‍പ്പടെയുള്ള മൂന്ന് പേർ പിടിയിലായത്, വേനല്‍ അവധിയും ഉത്സവങ്ങളും ആഘോഷങ്ങളും പെരുന്നാളും വരാൻ പോകുന്ന സാഹചര്യത്തില്‍ ട്രെയിനുകളില്‍ തിരക്കേറി ടിക്കറ്റ് കിട്ടാത്ത അവസ്ഥയിലാണ് കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍പ്പന.
ആർ.പി.എഫ് ഇൻസ്പെക്ടർ ജെ.വർഗീസ്, നേതൃത്വത്തില്‍ സബ് ഇൻസ്പെക്ടർ എ.പി.ദീപക്, അസി.സബ് ഇൻസ്പെക്ടർ വി.വി. സഞ്ജയ് കുമാർ, കെ.വി.മനോജ് കുമാർ, ഷാജു കുമാർ, ശില്‍ന, ഹെഡ്കോണ്‍സ്റ്റബിള്‍മാരായ പി.രതീഷ് കുമാർ, ഒ.കെ. അജീഷ്, സജേഷ്, പ്രണവ്, രഘുനാഥ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ തലശ്ശേരി കോടതില്‍ ഹാജരാക്കി.

പിടിച്ചെടുത്തത് അരലക്ഷത്തിന്റെ ടിക്കറ്റുകള്‍

50,000 രൂപയിലധികം രൂപയുടെ ടിക്കറ്റുകളാണ് പ്രതികളില്‍ നിന്നും കണ്ടെടുത്തത്.

തട്ടിപ്പ് ഇങ്ങനെ

👉തത്ക്കാല്‍ ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്ത് തരപ്പെടുത്തും

👉2000 രൂപയില്‍ മുകളിലേക്ക് അധിക തുക ഈടാക്കി വില്‍ക്കും

👉ആവശ്യക്കാരൻ മറ്റ് വഴികളില്ലാതെ വൻവിലയ്ക്ക് ടിക്കറ്റുകള്‍ വാങ്ങും

👉വേനലവധി,വിഷു, റംസാൻ, എന്നിവയിലെ തിരക്ക് മുതലെടുക്കും

ട്രെയിനുകളില്‍ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തില്‍ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വില്പന നടത്തുന്ന കുറ്റക്കാർക്കെതിരെ കർശന നടപടിയാണ് റെയില്‍വേ സുരക്ഷാസേന രംഗത്ത് വന്നിരിക്കുന്നത്. ഇനിയും കർശനമായ പരിശോധനയും നടപടികളും സ്വീകരിക്കും-ആർ.പി.എഫ് ഇൻസ്പെക്ടർ ജെ.വർഗീസ്