പ്രീമിയം ട്രെയിനുകളില്‍ പുതിയ മെനു: പ്രമേഹമുള്ളവര്‍ക്ക് പ്രത്യേക ഭക്ഷണം
പ്രമേഹമുള്ളവര്‍ യാത്രകളില്‍ നേരിടുന്ന ഭക്ഷണ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ശ്രമം തുടങ്ങി. ആദ്യഘട്ടമെന്നോണം രാജ്യത്ത് സര്‍വീസ് നടത്തുന്ന പ്രീമിയം തീവണ്ടികളിലാണ് പുതിയ ഭക്ഷണ മെനു സജ്ജമാക്കിയത്. വന്ദേഭാരത്, രാജധാനി തുടങ്ങിയ തീവണ്ടികളില്‍ ഇതുവരെ വെജ്, നോണ്‍ വെജ് ഭക്ഷണങ്ങള്‍ മാത്രമാണ് നല്‍കിയിരുന്നത്.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ അവരവര്‍ക്ക് ആവശ്യമായ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യം വിനിയോഗിക്കാം. നിലവിലുള്ള ഈ രണ്ട് തരം വിഭവങ്ങള്‍ക്ക് പുറമെ, പ്രമേഹം ഉള്ളവര്‍ക്കുള്ള സസ്യഭക്ഷണം, സസ്യേതര ഭക്ഷണം എന്നിവയും ഓര്‍ഡര്‍ ചെയ്യാം. ജൈനമത വിശ്വാസികള്‍ക്കുള്ള ഭക്ഷണവും ഓര്‍ഡര്‍ ചെയ്യാം. കിഴങ്ങ് വര്‍ഗങ്ങള്‍ ഉള്‍പ്പെടെ ഭൂമിക്കടിയിൽ ഉണ്ടാകുന്ന വിഭവങ്ങള്‍ ഒഴിവാക്കിയതാണ് ജൈന ഭക്ഷണ രീതി.