ഇഡിക്കും സിബിഐക്കും എതിരെ തൃണമൂൽ കോൺഗ്രസ്സിന്റെ പ്രതിഷേധ മാർച്ച്‌

കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി നേരിടാനുള്ള നീക്കവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. ഇ.ഡിക്കും സി.ബി.ഐക്കുമെതിരെ ജില്ലാതലത്തിൽ തൃണമൂൽ കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തും. 10 ദിവസത്തെ കസ്റ്റഡിയിൽ കഴിയുന്ന അനുബ്രത മോണ്ടലിനെ കൊൽക്കത്തയിലെ സിബിഐ ആസ്ഥാനത്ത് എത്തിച്ച് ചോദ്യം ചെയ്യൽ ആരംഭിച്ചു.
പശ്ചിമ ബംഗാളിൽ കേന്ദ്ര ഏജൻസികൾ തുടർച്ചയായി തൃണമൂൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കുമ്പോൾ രാഷ്ട്രീയമായി നേരിടാനാണ് പാർട്ടിയുടെ നീക്കം. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, സിബിഐ എന്നീ കേന്ദ്ര ഏജൻസികൾക്കെതിരെ തൃണമൂൽ കോൺഗ്രസ് ഇന്നും നാളെയും ജില്ലാ തലത്തിൽ പ്രതിഷേധ മാർച്ച് നടത്തും. കേന്ദ്ര ഏജൻസികളുടെ നടപടികളെ ബി.ജെ.പി രാഷ്ട്രീയമായി മുതലെടുപ്പ് ആരംഭിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.
സി.ബി.ഐ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ അനുബ്രത മോണ്ടലിന് നേരെ ബി.ജെ.പി പ്രവർത്തകർ ചെരിപ്പെറിഞ്ഞിരുന്നു. 10 ദിവസത്തെ കസ്റ്റഡിയിൽ മോണ്ടലിനെ, കൊൽക്കത്തയിലെ നിസാം പാലസിലെ ഓഫീസിലേക്ക് കൊണ്ടുപോയി സിബിഐ ചോദ്യം ചെയ്യൽ ആരംഭിച്ചു.