ഓണ്‍ലൈൻ ടാക്സികള്‍ നാളെ മുതല്‍ നിരത്തിലിറങ്ങില്ല; ഊബര്‍, സ്വിഗ്ഗി, സൊമാറ്റോ തൊഴിലാളികള്‍ പണിമുടക്കിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ ഓണ്‍ലൈൻ ടാക്സി-ഗിഗ് തൊഴിലാളികള്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നു.ഊബർ ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ ആപ്പ് ബഹിഷ്കരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഊബർ ഡ്രൈവർമാർക്ക് പുറമെ സൊമാറ്റോ, സ്വിഗ്ഗി, ആമസോണ്‍ തൊഴിലാളികളും സമരത്തില്‍ അണിചേരും.
മിനിമം ടാക്സി നിരക്ക് പ്ലാറ്റ്‌ഫോമുകളില്‍ ഉറപ്പാക്കുക, പ്രതിദിന സബ്‌സ്‌ക്രിപ്ഷൻ തുകയായ 165 രൂപ കുറയ്ക്കുക, മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നത് അവസാനിപ്പിക്കുക തുടങ്ങിയവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍. ഫെബ്രുവരി 17 മുതല്‍ 19 വരെ സംസ്ഥാനവ്യാപകമായി ഊബർ ആപ്പ് ഓഫ്‌ലൈൻ ആക്കും.
പണിമുടക്കിന്റെ ഭാഗമായി നാളെ രാവിലെ 10 മണിക്ക് പാളയത്ത് നിന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ റാലി നടക്കും. സംഗമം പി.സി. വിഷ്ണുനാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പണിമുടക്ക് ദിവസങ്ങളില്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ സർക്കാർ സംവിധാനമായ ‘കേരള സവാരി’ വഴി സർവീസ് നടത്താൻ തൊഴിലാളികള്‍ തീരുമാനിച്ചിട്ടുണ്ട്.
