സന്ദര്‍ശക വിസയിൽ യു.എ.ഇയില്‍ എത്തുന്നവര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി വിമാന കമ്പനികള്‍

യുഎഇയില്‍ സന്ദര്‍ശക വിസയിൽ എത്തുന്നവര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി വിമാന കമ്പനികള്‍. യുഎഇയിലേക്ക് സന്ദര്‍ശക, ടൂറിസ്റ്റ് വിസയില്‍ വരുന്നവര്‍ ആറ് മാസത്തില്‍ കുറയാത്ത കാലാവധിയുള്ള പാസ്‌പോര്‍ട്ട്, മടക്ക യാത്രാ ടിക്കറ്റ്, ഹോട്ടല്‍ റിസര്‍വേഷന്‍ ചെയ്തതിൻ്റെ രേഖ, യാത്രാ കാലയളവില്‍ ചെലവഴിക്കാനുള്ള നിശ്ചിത തുകയും കൈവശം വേണം.

രാജ്യത്തേക്ക് ഒരു മാസത്തെ വിസയില്‍ എത്തുന്നവര്‍ 3000 ദിര്‍ഹം, ഒന്നിലേറെ മാസത്തേക്ക് എത്തുന്നവര്‍ 5000 ദിര്‍ഹവും കൈവശം ഉണ്ടായിരിക്കണം എന്ന് വിമാന കമ്പനികള്‍ ട്രാവല്‍ ഏജന്റുമാര്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി. സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരെ സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ കൈവശം അവരുടെ ഫോണ്‍ നമ്പറും മേല്‍വിലാസവും താമസ വിവരങ്ങളും ഉണ്ടായിരിക്കണം. ഇന്ത്യന്‍ വിമാന കമ്പനികളായ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയാണ് മുന്നറിയിപ്പ് നല്‍കിയത്.