യു.എ.ഇയില്‍ വീണ്ടും മഴയ്ക്ക് സാധ്യത
യു.എ.ഇയില്‍ അടുത്ത ദിവസങ്ങളില്‍ വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചില പ്രദേശങ്ങളില്‍ താപനില 4 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാനിടയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം (NCM) അറിയിച്ചു.മലയോര പ്രദേശങ്ങളില്‍ തണുപ്പ് ശക്തമായിരിക്കുമെന്നും രാത്രികാല താപനില ഗണ്യമായി കുറയുമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, പകല്‍ സമയത്ത് അബുദാബിയില്‍ 22 ഡിഗ്രി സെല്‍ഷ്യസും ദുബായിലും ഷാർജയിലും 24 ഡിഗ്രി സെല്‍ഷ്യസും വരെ താപനില ഉയരുമെന്നാണ് പ്രവചനം. രാത്രിയില്‍ ഷാർജയില്‍ 13 ഡിഗ്രിയും, അബുദാബിയില്‍ 14 ഡിഗ്രിയും, ദുബായിയില്‍ 15 ഡിഗ്രി സെല്‍ഷ്യസും വരെ താപനില താഴും.
രാജ്യത്ത് പൊതുവെ മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെങ്കിലും, ദ്വീപുകളിലും പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന മേഘങ്ങള്‍ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. രാജ്യത്തിന്റെ പടിഞ്ഞാറൻ തീരദേശ മേഖലകളിലും ഉള്‍നാടൻ പ്രദേശങ്ങളിലുമുള്ളവർക്ക് ഈർപ്പമുള്ള രാത്രി കാലാവസ്ഥയും ചൊവ്വാഴ്ച രാവിലെ മൂടല്‍മഞ്ഞും അനുഭവപ്പെടാൻ സാധ്യതയുണ്ട്.
