Latestകേരളം

ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊല കേസില്‍ നാല് പ്രതികളെയും വെറുതെ വിട്ടു

ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊല കേസില്‍ നാല് പ്രതികളെയും വെറുതെ വിട്ടു ഹൈക്കോടതി.ഒന്നാം പ്രതിയുടെ വധശിക്ഷയും റദ്ദാക്കി.

അന്വേഷണത്തില്‍ സിബിഐക്ക് വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. 2018ലാണ് സിബിഐ കോടതി രണ്ട് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി നേരത്തെ മരിച്ചിരുന്നു.
മോഷണക്കുറ്റം ആരോപിച്ചാണ് 2005 സെപ്തംബർ 27ന് പകല്‍ രണ്ടി‌നാണ് ഉദയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ശ്രീകണ്ഠേശ്വരം പാർക്കില്‍ നിന്ന് അന്നത്തെ ഫോർട്ട് സിഐയായിരുന്ന ഇ.കെ. സാബുവിന്‍റെ പ്രത്യേക സ്ക്വാഡിലുള്ള പോലീസുകാരാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്.

ആക്രിക്കടയില്‍ ജോലിക്കാരനായിരുന്ന ഉദയകുമാറിന് പോലീസ് കസ്റ്റഡിയില്‍ നേരിടേണ്ടിവന്നത് അതിഭീകരമായ മൂന്നാംമുറയാണ്. ഇരുമ്ബുപൈപ്പുകൊണ്ട്. അടിച്ചും ഉരുട്ടിയുമാണ് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.കേസുപോലും ചാർജ് ചെയ്യാതെയാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയത്. ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നീ പോലീസുകാർ ചേർന്നാണ് ഉദയകുമാറിനുമേല്‍ മൂന്നാംമുറ പ്രയോഗിച്ചത്.

ജിതകുമാറും ശ്രീകുമാറും ചേർന്ന് ജിഐ പൈപ്പുകൊണ്ട് തുടയില്‍ മാരകമായി അടിച്ചു. രാത്രി എട്ടോടെ ഉദയകുമാർ മരിച്ചു.പിന്നീട് പോസ്റ്റ് മോർട്ടത്തിലാണ് മർദനത്തിന്‍റെ ഭീകരത പുറത്തുവന്നത്. കാലിലെയും നെഞ്ചിലെയും അസ്ഥികള്‍ നിരവധി കഷണങ്ങളായി നുറുങ്ങിയിരുന്നു. ജനകീയ പ്രതിഷേധത്തെ തുടർന്നാണ് ആർഡിഒയുടെ സാന്നിധ്യത്തില്‍ പോസ്റ്റ്മോർട്ടം നടത്താൻ തയാറായത്‌