അടിച്ചേൽപ്പിക്കാൻ എത്ര ശ്രമിച്ചാലും നിലപാട് ‘ഹിന്ദി തെരിയാത്’ എന്ന് തന്നെ: ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: രാജ്യത്ത് ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ ആവശ്യമെങ്കിൽ പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് ഡിഎംകെ യുവജന വിഭാഗം സെക്രട്ടറിയും എംഎൽഎയുമായ ഉദയനിധി സ്റ്റാലിൻ. തമിഴ്നാട്ടിൽ ഡി.എം.കെ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച റാലിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ നയങ്ങൾ തമിഴ്നാട്ടിലെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയാൽ നിശബ്ദനായി നോക്കി നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദിക്കെതിരെയാണ് ഡി.എം.കെ അധികാരത്തിലെത്തിയതെന്നും അത് അടിച്ചേൽപ്പിക്കാൻ എത്ര ശ്രമിച്ചാലും പാർട്ടിയുടെ നിലപാട് ‘ഹിന്ദി തെരിയാത്’ (ഹിന്ദി അറിയില്ല) എന്നായിരിക്കുമെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.