ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് നേതാക്കൾ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഇന്ധനം നിറക്കൂ എന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. കോൺഗ്രസിനുള്ള ഉപദേശം എന്ന തലക്കെട്ടോടെ കുറിച്ച ട്വീറ്റിലാണ് കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്ര മന്ത്രി രംഗത്തെത്തിയത്.

“അവരുടെ ‘യുവ’ നേതാവ് പതിവായി ഒരു കൂട്ടം പരിവാരങ്ങൾക്കും ആഡംബര വാഹനങ്ങൾക്കുമൊപ്പം സഞ്ചരിക്കുന്നു. ഈ ഉപദേശങ്ങൾക്ക് നന്ദിയെന്ന് അവർ പിന്നീട് എന്നോട് പറഞ്ഞാൽ മതിയാകും.” വിവിധ സംസ്ഥാനങ്ങളിലെ ഇന്ധന വില അടങ്ങിയ ഗ്രാഫിനൊപ്പമായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്. കോൺഗ്രസിന് ഏതൊക്കെ സംസ്ഥാനത്ത് നിന്ന് ഇന്ധനം അടിച്ചാൽ ലാഭമാകുമെന്നും അദ്ദേഹം ട്വീറ്റിൽ കൂടി പരിഹസിച്ചു. തെലങ്കാനയും ജമ്മു കശ്മീരും തമ്മിൽ ഇന്ധന വിലയിൽ ലിറ്ററിന് 14.5 രൂപയുടെ വ്യത്യാസമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തന്‍റെ ഉപദേശം കോണ്‍ഗ്രസ് സ്വീകരിച്ചാൽ ഭാരത് ജോഡോ യാത്രയിൽ ഡീസലിന് 1050 മുതൽ 2205 രൂപ വരെ ലാഭിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.