സര്‍വകലാശാലകള്‍ ഒറ്റ വകുപ്പില്‍; സാധ്യത തുറന്ന് കാര്‍ഷികസര്‍വകലാശാലാ തര്‍ക്കം
തിരുവനന്തപുരം: സിപിഐ ഭരിക്കുന്ന കൃഷി വകുപ്പിന് കീഴിലുള്ള കാർഷിക സർവകലാശാലയിൽ കെടുകാര്യസ്ഥതയുണ്ടെന്ന് സിപിഎം ആരോപിച്ചു. സംഘടനകൾ സമരത്തിനിറങ്ങിയതോടെ എല്ലാ സർവകലാശാലകളെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കൊണ്ടുവരാനുള്ള നീക്കം ശക്തമായിരിക്കുകയാണ്.
കാർഷിക സർവകലാശാലയിലെ ജനാധിപത്യ വിരുദ്ധമായ നടപടികള്‍ ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭം. ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ വാഹന ജാഥ നടത്തുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭരണ നടപടികൾ വൈകുന്ന സാഹചര്യത്തിൽ എല്ലാ സർവകലാശാലകളെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കൊണ്ടുവരണമെന്ന് സർവകലാശാല പരിഷ്കരണ കമ്മീഷനുകളിൽ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മീഷന്‍റെ റിപ്പോർട്ട് ഇത് പ്രതിഫലിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു.
അതാത് വകുപ്പുകളുടെ ശ്രദ്ധ കാർഷിക സർവകലാശാലയ്ക്ക് നൽകുന്നില്ലെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ പറഞ്ഞു. ഉന്നതവിദ്യാഭ്യാസം മെച്ചപ്പെടണമെങ്കിൽ സർവകലാശാലകൾ ഒരൊറ്റ വകുപ്പിന് കീഴിൽ വരണം. ഈ ആവശ്യം ഔദ്യോഗികമായി ഉന്നയിച്ചിട്ടുണ്ടെന്നും ഹരിലാൽ പറഞ്ഞു.