സഹപാഠികൾ മുഖത്തടിപ്പിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി സുപ്രീം കോടതി.

ഉത്തർപ്രദേശിലെ മുസാഫർനഗറിൽ മുസ്ലീം വിദ്യാർത്ഥിയെ അധ്യാപികയുടെ നിർദേശപ്രകാരം സഹപാഠികൾ മുഖത്തടിപ്പിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി സുപ്രീം കോടതി. സംഭവം സത്യമാണെങ്കിൽ ലജ്ജാകരവും മനസാക്ഷിയെ ഞെട്ടിക്കുന്നതുമാണെന്ന് കോടതി നിരീക്ഷിച്ചു. ഈ സംഭവത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നും കോടതി.

വിഷയവുമായി ബന്ധപ്പെട്ട ഒരു ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ അഭയ് എസ് ഓക, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് രൂക്ഷവിമർശനം നടത്തിയത്. “ഒരു സമൂഹത്തെയാണ് അധ്യാപിക ലക്ഷ്യമിടുന്നത്. അധ്യാപകർ വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന രീതി ഇതാണോ? ഇതാണോ ഗുണനിലവാരമുള്ള വിദ്യാഭ്യാസം? ഈ സംഭവത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനം ഏറ്റെടുക്കണം…കുട്ടിക്ക് വേണ്ടി സ്കൂൾ ഏതെങ്കിലും കൗൺസിലറെ നിയമിച്ചിട്ടുണ്ടോ? ഈ സംഭവം നടന്നിട്ടുണ്ടെങ്കിൽ അത് സംസ്ഥാനത്തിന്റെ മനഃസാക്ഷിയെ നടുക്കേണ്ടതാണ്. ഇത് ഗുരുതരമായ പ്രശ്നമാണ്,” ബെഞ്ച് പറഞ്ഞു.