രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി യുപി പിസിസി അധ്യക്ഷന്‍ ബ്രിജ്‌ലാൽ ഖബ്രി
ലക്നോ: കോൺഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയോടുള്ള ജനങ്ങളുടെ പ്രതികരണത്തിൽ ആവേശഭരിതനായി ഉത്തർപ്രദേശ് പാർട്ടി അധ്യക്ഷൻ ബ്രിജ്‌ലാൽ ഖബ്രി. ജോഡോ യാത്രയ്ക്ക് നേതൃത്വം നൽകിയ മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും അദ്ദേഹം അഭിനന്ദിച്ചു. “രാഹുല്‍ എന്നാല്‍ ഭാരതം ആണെന്നും ഭാരതം എന്നാല്‍ രാഹുല്‍ ആണെന്നും” ബ്രിജ്‌ലാൽ ഖബ്രി ഒരു അഭിമുഖത്തിൽ പറഞ്ഞു. രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുക എന്ന വിശാലമായ ലക്ഷ്യത്തിനുവേണ്ടിയാണ് രാഹുൽ ഗാന്ധി പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുൻ കോൺഗ്രസ് അധ്യക്ഷൻ ദേവ്കാന്ത് ബറുവയുടെ ‘ഇന്ത്യ ഈസ് ഇന്ദിര, ഇന്ദിര ഈസ് ഇന്ത്യ’ എന്ന പ്രശസ്തമായ വാചകത്തെ അനുസ്മരിപ്പിക്കുന്നതാണ് ബ്രിജ്‌ലാൽ ഖബ്രിയുടെ പ്രശംസ. പാർട്ടിയുടെ എതിരാളികൾ പലപ്പോഴും കോൺഗ്രസിനെയും ഗാന്ധി കുടുംബത്തെയും വിമർശിക്കാൻ ഈ വാചകം ഉപയോഗിച്ചിട്ടുണ്ട്.
രാഷ്ട്രീയമായി നിർണായകമായ ഉത്തർപ്രദേശിലെ ഒരു ജില്ലയിലൂടെ മാത്രം കടന്നുപോകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഖബ്രി. ഇന്ത്യ ഒരു ജില്ലയോ സംസ്ഥാനമോ അല്ല, സംസ്ഥാനങ്ങളുടെ യൂണിയനാണ്. 13 സംസ്ഥാനങ്ങളിലൂടെ വലിയ ലക്ഷ്യത്തോടെയാണ് രാഹുൽ സഞ്ചരിക്കുന്നത്. രാജ്യത്തെ വിൽക്കാനും ഭരണഘടനയെ തകർക്കാനുമാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.