സുഹൃത്തിന്റെ വീട്ടുമുറ്റത്ത് യുവാവ് മരിച്ചനിലയില്‍; കൊലപാതകമെന്നു സംശയം
മേരികുളം ഡോർലാൻഡില്‍ പുളിക്കമണ്ഡപത്തില്‍ റോബിൻ തോമസി ( 45)ന്റെ മരണം കൊലപാതകമെന്നു സംശയം. സുഹൃത്തിന്റെ വീട്ടുമുറ്റത്താണ് റോബിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.പ്രതിയെന്നു സംശയിക്കുന്ന ഡോർലാൻഡ് ഇടത്തിപ്പറമ്ബില്‍ സോജൻ വർഗീസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തതവരൂ.
കഴിഞ്ഞ ദിവസം വൈകുന്നേരം സുഹൃത്തുക്കള്‍ ചേർന്ന് മദ്യപിച്ചശേഷം ഒപ്പമുണ്ടയാരുന്ന മറ്റുളളവർ പിരിഞ്ഞുപോയി.
പിന്നീട് റോബിനും സോജനും മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. റോബിനും സോജനും തമ്മില്‍ വാക്കുതർക്കമുണ്ടായും സംഘർഷം ഉണ്ടായതായും പറയുന്നു.
റോബിൻ സോജനെ കല്ലിന് ഇടിച്ചു. സോജൻ തിരിച്ചടിച്ചു. റോബിൻ നിലത്തു വീണു. ഇരുവരും മദ്യലഹരിയിലായിരുന്നു. ലഹരി മാറുമ്ബോള്‍ എഴുന്നേറ്റു പോകുമെന്നു കരുതി സോജൻ വീട്ടില്‍ക്കയറി കിടന്നു.
രാവിലെ റോബിനെ ബന്ധു ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരണം ഉണ്ടായില്ല. അന്വേഷിച്ചു ചെന്നപ്പോഴാണ് റോബിൻ സോജന്റെ വീട്ടുമുറ്റത്ത് മരിച്ചുകിടക്കുന്നത് കണ്ടത്. ഉടൻതന്നെ പോലീസില്‍ വിവരം അറിയിച്ചതനുസരിച്ച് പോലീസെത്തി വീട്ടില്‍നിന്ന് സോജനെ കസ്റ്റഡിയിലെടുത്തു. അപ്പോഴാണ് സോജൻ സംഭവം പോലീസിനോടു പറഞ്ഞത്.
