Latestലോകം

വീണ്ടും വ്യാപാര യുദ്ധം; സോയാബീൻ വാങ്ങുന്നത് നിർത്തിവച്ച് ചൈന, പാചക എണ്ണയുടെ ഇറക്കുമതി നിർത്തുന്നതായി യുഎസ്

വാഷിങ്ടൺ: യുഎസ്-ചൈന വ്യാപാര യുദ്ധം വീണ്ടും ശക്തിയാർജിക്കുന്നു. യുഎസിൽ നിന്നും സോയാബീൻ വാങ്ങുന്നത് നിർത്തിവെച്ച ചൈനയുടെ തീരുമാനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രം​ഗത്തെത്തി. യുഎസിലെ സോയാബീൻ കർഷകർക്ക് പ്രയാസമുണ്ടാക്കുന്നതും സാമ്പത്തികമായി ശത്രുതാപരമായ നടപടിയാണ് ചൈനയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്നും ‍ട്രംപ് കൂട്ടിച്ചേർത്തു. ഇതിന് പകരമായി ചൈനയിൽനിന്നുള്ള പാചക എണ്ണയുടെ ഇറക്കുമതി നിർത്തുവെക്കുന്നതുൾപ്പെടെയുള്ള നടപടികൾ പരിഗണിക്കുകയാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

“ചൈന മനഃപൂർവം നമ്മുടെ സോയാബീൻ വാങ്ങാതിരിക്കുന്നതും നമ്മുടെ സോയാബീൻ കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും ശത്രുതാപരമായ ഒരു നടപടിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രതികാരമെന്ന നിലയിൽ, പാചക എണ്ണയുമായും മറ്റ് വ്യാപാര ഘടകങ്ങളുമായും ബന്ധപ്പെട്ട് ചൈനയുമായുള്ള ഇടപാടുകൾ അവസാനിപ്പിക്കുന്നത് ഞങ്ങൾ പരിഗണിക്കുകയാണ്,” ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. യുഎസിന് അനായാസേന പാചക എണ്ണ ഉത്പാദിപ്പിക്കാൻ കഴിയുമെന്നും ചൈനയെ ആശ്രയിച്ചുള്ള ഇറക്കുമതി കുറയ്ക്കാനാകുമെന്നും ട്രംപ് പറഞ്ഞു.

ചൈനയുമായുള്ള വ്യാപാരയുദ്ധത്തിന്റെ ഫലമായി യുഎസിലേക്കുള്ള ചൈനയുടെ പാചക എണ്ണയുടെ കയറ്റുമതിയിൽ നേരത്തെ തന്നെ കുറവ് വന്നിരുന്നു. ബ്ലൂംബെർഗ് ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം, 2024-ൽ 120 കോടി ഡോളർ വിലമതിക്കുന്ന 1.27 ദശലക്ഷം ടണ്ണിന്റെ റെക്കോഡ് കയറ്റുമതിക്ക് ശേഷം ഡിസംബർ മുതൽ കയറ്റുമതിക്കുള്ള നികുതിയിളവ് ചൈന റദ്ദാക്കിയതിനെ തുടർന്ന്, യുഎസിലേക്കുള്ള ചൈനയുടെ സംസ്കരിച്ച ഭക്ഷ്യ എണ്ണകളുടെയും ഉപയോഗിച്ച പാചക എണ്ണയുടെയും കയറ്റുമതി ഈ വർഷം കുത്തനെ ഇടിഞ്ഞിരുന്നു.

ട്രംപിന്റെ ആക്രമണാത്മക വ്യാപാരയുദ്ധത്തിന് മറുപടിയായാണ് ചൈന സോയാബീനിന്റെ ഇറക്കുമതിയിൽ ഗണ്യമായ കുറവ് വരുത്തിയത്. ബ്രസീലിൽ നിന്ന് വലിയ അളവിൽ സോയാബീൻ വാങ്ങുന്നതിനുള്ള കരാറുകൾ ചൈന ഉറപ്പാക്കിയിട്ടുണ്ട്. ആഗോളതലത്തിൽ സോയാബീൻ ഉത്പാദിപ്പിക്കുന്ന ഏറ്റവും വലിയ രാജ്യങ്ങളിലൊന്നാണ് യുഎസ്. ഏകദേശം 1260 കോടി ഡോളറിന്റെ സോയാബീൻ ആണ് കഴിഞ്ഞ വർഷം ചൈന വാങ്ങിയത്.