ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട്; ആദ്യ പത്തിൽ നിന്ന് അമേരിക്ക പുറത്ത്
ന്യൂയോർക്ക്: ലോകത്തെ ഏറ്റവും ശക്തമായ ആദ്യത്തെ പത്ത് പാസ്പോർട്ടുകളുടെ പട്ടികയിൽ നിന്ന് അമേരിക്ക പുറത്ത്. 20 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ആദ്യ പത്ത് സ്ഥാനത്ത് നിന്നും അമേരിക്ക പുറത്താകുന്നത്. മൂന്ന് ഏഷ്യൻ രാജ്യങ്ങളാണ് നിലവിൽ ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. 193 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ ചെല്ലാൻ കഴിയുന്ന സിംഗപ്പൂരാണ് പട്ടികയിൽ ഒന്നാമതുള്ളത്. 190 രാജ്യങ്ങളിലേക്ക് വിസ രഹിതമായി എത്താൻ കഴിയുന്ന ദക്ഷിണ കൊറിയയാണ് രണ്ടാം സ്ഥാനത്ത്. 189 രാജ്യങ്ങളിലേക്ക് വിസ രഹിതമായി എത്താൻ കഴിയുന്ന ജപ്പാനാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. ഏറ്റവും പുതിയ പട്ടികയിൽ മല്യേഷ്യയ്ക്കൊപ്പം 12ാം സ്ഥാനമാണ് അമേരിക്ക പങ്കിടുന്നത്.
180 രാജ്യങ്ങളിലേക്കാണ് വിസ രഹിതമായി അമേരിക്കൻ പാസ്പോർട്ട് ഉപയോഗിച്ച് പോവാൻ സാധിക്കുന്നത്. 227 രാജ്യങ്ങളുടെ പട്ടികയിലാണ് ഇത്. ലണ്ടൻ അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൻലി ആൻഡ് പാട്ട്നേഴ്സ് ആണ് ലോകത്തിലെ ഏറ്റവും കരുത്തുള്ള പാസ്പോർട്ടിന്റെ പട്ടിക പുറത്തിറക്കുന്നത്. 36 രാജ്യങ്ങളാണ് അമേരിക്കയ്ക്ക് വിസ രഹിതമായി എത്താനുള്ള അനുമതി നിഷേധിച്ചിട്ടുള്ളത്.
ഏപ്രിൽ മാസത്തിൽ ബ്രസീൽ അമേരിക്ക, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളെ വിസ രഹിതമായി എത്താൻ കഴിയുന്ന രാജ്യങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു. ബ്രസീലുമായുള്ള സഹകരണത്തിലെ പാളിച്ചകൾ മൂലമായിരുന്നു ഇത്. ഫ്രാൻസ്, ജർമ്മനി അടക്കമുള്ള മിക്ക യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ രഹിതമായി എത്താൻ ചൈന അനുവദിക്കുന്നുണ്ട്. എന്നാൽ ചൈനയും അമേരിക്കയെ ഇത്തരത്തിൽ പരിഗണിക്കുന്നില്ല. പാപ്പുവ ന്യൂ ഗിനിയ, മ്യാൻമർ അടക്കമുള്ള രാജ്യങ്ങളും അമേരിക്കയെ വിസ രഹിത പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. പട്ടികയിൽ നിന്ന് താഴെ പോവുന്നത് ചെറിയ കാര്യമായല്ല വിലയിരുത്തുന്നത്. മറിച്ച് ഗ്ലോബൽ മൊബിലിറ്റിയും പവർ ഡൈനാമിക്സിലെ മാറ്റവുമാണ് പാസ്പോർട്ടിന്റെ കരുത്ത് കുറയുന്നത് വ്യക്തമാക്കുന്നത്.
