ചൈനയിലെ ഉയ്‍ഗുർ മുസ്ലിം ന്യൂനപക്ഷങ്ങൾ നേരിടുന്നത് മനുഷ്യാവകാശ ലംഘനമെന്ന് യുഎൻ
ഉയ്‍ഗുർ മുസ്ലിം ന്യൂനപക്ഷത്തിനെതിരെ ചൈന മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്ന് യുഎൻ മനുഷ്യാവകാശ കമ്മീഷൻ ആരോപിച്ചു. മുസ്ലീം ന്യൂനപക്ഷങ്ങളെ അനധികൃതമായി തടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിക്കുകയും ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്തതിന്‍റെ തെളിവുകൾ പുറത്തുവന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട എല്ലാ റിപ്പോർട്ടുകളും ചൈന തള്ളിക്കളഞ്ഞു.
സിൻജിയാങ് മേഖലയിൽ ഉയ്ഗുർ മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെ ക്രൂരമായ പീഡനം നടക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഏജൻസി പറയുന്നു. സിൻജിയാങ്ങിലെ ജയിലുകളിൽ ഒരു ദശലക്ഷത്തിലധികം ആളുകൾ തടവിലാക്കപ്പെട്ടിട്ടുണ്ടെന്നും ചൈന ചെയ്ത കുറ്റകൃത്യങ്ങളുടെ വിശ്വസനീയമായ തെളിവുകൾ ഉണ്ടെന്നും യുഎൻ മനുഷ്യാവകാശ ഏജൻസി പറയുന്നു.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ അടിച്ചമർത്താൻ അവ്യക്തമായ ദേശീയ സുരക്ഷാ നിയമങ്ങൾ ചൈന ഉപയോഗിക്കുന്നു. ഇവർക്കായി കർശനമായ തടങ്കൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് നിയോഗിച്ച റിപ്പോർട്ടിൽ തടവുകാർ ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള പീഡനങ്ങൾക്ക് വിധേയരാകുന്നുണ്ടെന്നും പറയുന്നു. തടവുകാരെ മോചിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യുഎൻ ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.