വി. കുഞ്ഞികൃഷ്ണന് പിന്തുണയുമായി സിപിഎം പ്രവർത്തകർ
കണ്ണൂര്‍: സി.പി.എം പയ്യന്നൂർ മേഖലയിലെ ഫണ്ട് ക്രമക്കേട് വിവാദത്തിൽ നേതൃത്വം സ്വീകരിച്ച നടപടിക്കെതിരെ ലോക്കൽ കമ്മിറ്റികൾക്കൊപ്പം സോഷ്യൽ മീഡിയയിലും പ്രതിഷേധം ഉയർന്നിരുന്നു. ഏരിയാ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെതിരെ പാർട്ടി സ്വീകരിച്ച നടപടി പ്രവർത്തകർക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
വാട്‌സാപ്പ്, ഫെയ്സ്ബുക്ക് എന്നിവയില്‍ കടുത്ത ഭാഷയിലാണ് പ്രതികരണങ്ങള്‍. സത്യത്തിനായി നിലകൊണ്ട പയ്യന്നൂരിലെ ധീരനായ നേതാവ് എന്ന പോസ്റ്റര്‍ ഒട്ടേറെ പേരാണ് പങ്കുവെച്ചത്. ‘കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുക എന്ന പാര്‍ട്ടി നയം തിരുത്തുക’ എന്ന പോസ്റ്ററും വ്യാപകമായി പ്രചരിച്ചു.
പയ്യന്നൂർ നോർത്ത് ലോക്കൽ ജനറൽ ബോഡിയിൽ ഒഴികെ യോഗം ചേർന്ന പ്രദേശങ്ങളിൽ ഈ നീക്കത്തിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. സിപിഎം നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് പയ്യന്നൂർ വിവാദം.