Latestഅറിയിപ്പ്‌

മാര്‍ഗദീപം സ്കോളര്‍ഷിപ്പ് അപേക്ഷ തീയതി നീട്ടി; 1 മുതല്‍ 8ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം

ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ ഉള്‍പ്പെട്ട വിദ്യാർഥികള്‍ക്ക് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നല്‍കുന്ന സ്കോളർഷിപ്പാണ് മാർഗദീപം പദ്ധതി.2025-26ലെ സ്കോളർഷിപ്പിന് അപേക്ഷ വിളിച്ചിട്ടുണ്ട്. സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാർഥികള്‍ക്കാണ് സ്കോളർഷിപ്പ് അനുവദിക്കുക. വിദ്യാർഥികള്‍ സെപ്റ്റംബർ 29ന് മുൻപായി അപേക്ഷ നല്‍കണം.

യോഗ്യത

സർക്കാർ/ എയ്ഡഡ് സ്കൂളുകളില്‍ ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികള്‍ക്കാണ് അവസരം.

വിദ്യാർഥികള്‍ മുസ് ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവരായിരിക്കണം.

കേരളത്തില്‍ സ്ഥിര താമസമുള്ളവരായിരിക്കണം.

കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം കവിയാൻ പാടില്ല.

ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.സ്കോളർഷിപ്പിന്റെ 30 ശതമാനം പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.

ഒരേ കുടുംബത്തില്‍ നിന്ന് രണ്ടില്‍ കൂടുതല്‍ വിദ്യാർഥികള്‍ക്ക് അപേക്ഷിക്കാനാവില്ല.

ഈ സ്കീമിന് കീഴില്‍ ആനുകൂല്യം ലഭിക്കുന്ന വിദ്യാർഥിക്ക് മറ്റ് സ്കീമുകളിലെ/ സ്കോളർഷിപ്പ് ആനുകൂല്യങ്ങള്‍ കൈപ്പറ്റാൻ പാടില്ല.

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകള്‍

  • വരുമാന സർട്ടിഫിക്കറ്റ്
  • മൈനോറിറ്റി/ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്
  • ബാങ്ക് പാസ് ബുക്ക് പകർപ്പ്
  • ബാധകമെങ്കില്‍ ഭിന്നശേഷി സർട്ടിഫിക്കറ്റ് (40 ശതമാനത്തിനും അതിന് മുകളിലും വൈകല്യമുള്ള വിഭാഗം)
  • ബാധകമെങ്കില്‍ അച്ഛനോ/ അമ്മയോ/ രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കില്‍ മരണ സർട്ടിഫിക്കറ്റ്.
  • ഗ്രേഡ് ഷീറ്റിന്റെ പകർപ്പ് (അക്കാദമിക വർഷം 2024-2025)

അപേക്ഷ

താല്‍പര്യമുള്ളവർ https://margadeepam.kerala.gov.in/ എന്ന വെബ്സൈറ്റ് മുഖേന സ്കൂള്‍ തലത്തില്‍ അപേക്ഷിക്കണം. ഓണ്‍ലൈൻ അപേക്ഷ പൂർണമായി പൂരിപ്പിച്ച്‌ സ്ഥാപന മേധാവിക്ക് സമർപ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2300524, 0471-2302090 എന്ന നമ്ബറില്‍ ബന്ധപ്പെടുക