കുളമ്പുരോഗം; കുത്തിവെപ്പിന് 29 സ്ക്വാഡുകൾ
കണ്ണൂർ: ജില്ലയിൽ വ്യാഴാഴ്ച വരെ 122 മൃഗങ്ങളിൽ കുളമ്പുരോഗം സ്ഥിരീകരിച്ചു. കിടാരികളും കന്നുകുട്ടികളും ഉൾപ്പെടെ പശുക്കളിലാണ് രോഗം സ്ഥിരീകരിച്ചത്. കറവയുള്ള പശുക്കളും കൂട്ടത്തിലുണ്ട്. രോഗംബാധിച്ച് ആറ് മൃഗങ്ങൾ (രണ്ട് വീതം പശുക്കളും കിടാരികളും കന്നുകുട്ടികളും) ഇതുവരെ ചത്തു.
പയ്യന്നൂർ (രണ്ട്), ചിറക്കൽ (ഒന്ന്), കരിവെള്ളൂർ (മൂന്ന്) എന്നിങ്ങനെയാണ് മൃഗങ്ങൾ ചത്തത്. 1124 മൃഗങ്ങൾക്ക് ഇതുവരെ കുത്തിവെപ്പ് നൽകി. ഏകദേശം 2500 – 3000 മൃഗങ്ങൾക്ക് കുത്തിവെപ്പ് നൽകേണ്ടി വരുമെന്നും കുത്തിവെപ്പിനുള്ള മരുന്ന് നിലവിൽ സ്റ്റോക്കുണ്ടെന്നും അധികൃതർ അറിയിച്ചു.
കുത്തിവെപ്പ് നൽകുന്നതിനായി ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ 29 സ്ക്വാഡുകൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇൻസ്പെക്ടർമാർ വീടുകളിൽ എത്തിയാണ് കുത്തിവെപ്പ് നൽകുക. ഇതുവരെ കണ്ണൂർ കോർപ്പറേഷനിലും ചെങ്ങളായി, പയ്യന്നൂർ, ചെറുതാഴം, ശ്രീകണ്ഠപുരം, ചിറക്കൽ, മാട്ടൂൽ, ചെറുപുഴ, മാടായി, കരിവെള്ളൂർ, പിണറായി, കുഞ്ഞിമംഗലം പഞ്ചായത്തുകളിലുമാണ് രോഗം സ്ഥിരീകരിച്ചത്.
രോഗബാധ സ്ഥിരീകരിച്ച പ്രദേശത്ത് നിന്ന് 2 മുതൽ 5 കിലോമീറ്റർ വരെ പരിധിയിലുള്ള മൃഗങ്ങൾക്ക് കുത്തിവെപ്പ് നൽകും. രോഗം ബാധിച്ച മൃഗങ്ങളിൽ കുത്തിവെപ്പ് ഫലപ്രദമാകില്ല. വേദന സംഹാരികളും അണുബാധ ഉണ്ടാകാതിരിക്കാൻ ആന്റിബയോട്ടിക് മരുന്നുകളും രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ടോണിക്കുകളും നൽകുകയാണ് പ്രതിവിധി. വ്രണങ്ങൾ ഉണങ്ങാൻ മരുന്നുകളും ആന്റി സെപ്റ്റിക് ഓയിൻമെന്റുകളും സഹായമാകും.
രോഗം ബാധിച്ച മൃഗങ്ങൾക്ക് മൃദുവായ ഭക്ഷണം മാത്രമേ നൽകാവൂ. കട്ടി കുറഞ്ഞ പുല്ലും ദ്രവരൂപത്തിലുള്ള ഭക്ഷണങ്ങളും നൽകുന്നതാണ് ഉചിതം. രോഗലക്ഷണങ്ങൾ പ്രകടമായാൽ അടിയന്തര ചികിത്സ ഉറപ്പ് വരുത്തണം. രോഗം ബാധിച്ച മൃഗങ്ങളുടെ ഭക്ഷണ അവശിഷ്ടങ്ങൾ മറവ് ചെയ്യുക, മറ്റു മൃഗങ്ങളുമായുള്ള ഇടപഴക്കം ഒഴിവാക്കുക, തൊഴുത്തും മറ്റും അണുനശീകരണം ചെയ്യുക തുടങ്ങിയ നിർദേശങ്ങൾ കർഷകർ കർശനമായി പാലിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു