Latestകേരളം

വാമനപുരത്തെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകം; കുഞ്ഞിന് അസുഖമുണ്ടെന്ന് അമ്മ അശ്വതി വിശ്വസിച്ചിരുന്നു

തിരുവനന്തപുരം: വാമനപുരത്ത് ഒരു വയസ്സുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം.കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന സംശയത്തെത്തുടർന്ന് അമ്മ അശ്വതിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. പ്രാഥമിക ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതായി അശ്വതി സമ്മതിച്ചതായാണ് വിവരം.

അശ്വതിയുടെ മാതാവ് തൊഴിലുറപ്പ് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് കുഞ്ഞിനെ തറയില്‍ പായയില്‍ കിടക്കുന്ന നിലയില്‍ കണ്ടത്. കുട്ടി ഉറങ്ങുകയാണെന്ന് കരുതിയെങ്കിലും പിന്നീട് തട്ടിവിളിച്ചിട്ടും പ്രതികരണമൊന്നുമുണ്ടായില്ല.

കുഞ്ഞിനെ നിലത്ത് നിന്ന് എടുക്കുന്നതിനിടെ “കുട്ടിയെ ഞാൻ കൊന്നു” എന്ന് അശ്വതി വെളിപ്പെടുത്തിയതായി മാതാവ് മൊഴി നല്‍കിയിട്ടുണ്ട്. ഉടൻ തന്നെ കുഞ്ഞിനെ കാരേറ്റിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

കുഞ്ഞിന്റെ കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പാടുകള്‍ കണ്ടെത്തിയത് കൊലപാതകമാണെന്ന സംശയം വർധിപ്പിച്ചു. തുടർന്നാണ് വെഞ്ഞാറമൂട് പൊലിസ് അശ്വതിയെ കസ്റ്റഡിയിലെടുത്തത്.