വര്‍ക്കലയില്‍ യുവതിയെ ട്രെയിനില്‍ നിന്നും തള്ളിയിട്ടു: ഗുരുതര പരുക്ക്; പ്രതി പിടിയില്‍
വര്‍ക്കലയില്‍ ഓടിക്കൊണ്ടിരിക്കെ ട്രെയിനില്‍ നിന്നും യുവതിയെ ട്രാക്കിലേക്ക് ചവിട്ടി തള്ളിയിട്ടയാള് പിടിയില്‍.വര്‍ക്കലയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസ്സിലെ ജനറല്‍ കമ്ബാര്‍ട്മെന്റിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ പനച്ചിമൂട് സ്വദേശി സുരേഷ് കുമാർ പിടിയിലായി. ഇയാള്‍ മദ്യലഹരിയിലായിരുന്നു അതിക്രമം നടത്തിയത്.
പ്രതിയെ കൊച്ചുവേളിയില്‍ വച്ച് റെയില്‍വേ പൊലീസ് പിടികൂടുകയായിരുന്നു. ഗുരുതര പരുക്കേറ്റ യുവതിയെ ട്രാക്കില്‍ നിന്നാണ് റെയില്‍വേ ജീവനക്കാർ കണ്ടെത്തിയത്. ഗീത എന്നാണ് പേരെന്നാണ് പ്രാഥമിക വിവരം. ഇവരെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണമുണ്ടായതെന്നും, തനിക്ക് നേരെയും അതിക്രമ ശ്രമമുണ്ടായി എന്നും സഹയാത്രിക പറഞ്ഞു. പ്രതിയെ യാത്രക്കാർ ചേർന്നാണ് കീഴ്പ്പെടുത്തിയത്. തുടർന്ന് റെയില്‍വേ പോലീസ് എത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. നിലവില്‍ ഇയാളെ വൈദ്യ പരിശോധനക്ക് വിധേയനാക്കുകയാണ്.
അതേസമയം, ട്രെയിനില്‍ നിന്നും വീണ യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലാണ് നിലവില്‍ യുവതി.
