ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുജനങ്ങളും സ്ഥാപനങ്ങളും ശ്രദ്ധിക്കണം. ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം.

വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. പരിസരം വൃത്തിയായി സൂക്ഷിക്കണം. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.