വെഞ്ഞാറമൂട് ആംബുലൻസ് അപകടം; ചികിത്സയിലിരുന്ന നാല് വയസുകാരിയും മരിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാല് വയസുകാരിയും മരിച്ചു. പോത്തൻകോട് സ്വദേശിനിയായ അലംകൃതയാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അപകടം നടന്ന അതേ ദിവസം തന്നെ അലംകൃതയുടെ പിതാവ് ഷിബു മരിച്ചിരുന്നു. തലയ്ക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന അലംകൃതയും ഇന്ന് മരണത്തിന് കീഴടങ്ങി.

ശനിയാഴ്ച രാവിലെ 6.30ന് വെഞ്ഞാറമൂട് പള്ളിക്ക് സമീപമായിരുന്നു അപകടം. രോഗിയെ ഇടുക്കിയിൽ എത്തിച്ച ശേഷം മടങ്ങിവരുകയായിരുന്ന ആംബുലൻസാണ് അമിതവേഗത്തിൽ പാഞ്ഞെത്തി അപകടമുണ്ടാക്കിയത്. 

രാവിലെ കുഞ്ഞിന്‍റെ രക്തം പരിശോധിക്കുന്നതിനായി ലാബ് തുറക്കുന്നത് കാത്ത് ഷിബുവും മകൾ അലംകൃതയും ബൈക്കിൽ ഇരിക്കുകയായിരുന്നു. അപകടസമയത്ത് ആംബുലൻസ് ഓടിച്ചിരുന്ന മെയിൽ നഴ്സായ ചെറുവക്കൽ സ്വദേശി അമലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.