ഉപരാഷ്ട്രപതി ഇന്ന് കണ്ണൂരിൽ

മട്ടന്നൂർ: ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ തിങ്കളാഴ്ച കണ്ണൂരിൽ എത്തും. ഉച്ചയ്ക്ക് 1.05-ന് വ്യോമസേന വിമാനത്തിലാണ് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുക. തുടർന്ന് ജഗ്‌ദീപ് ധൻകറുടെ അധ്യാപിക ആയിരുന്ന പാനൂർ ചമ്പാട്ടെ രത്ന നായരെ കാണുന്നതിന്‌ റോഡ് മാർഗം അവരുടെ വീട്ടിലേക്ക് പോകും.

സന്ദർശനത്തിന് ശേഷം 2.25-ന് മട്ടന്നൂരിലേക്ക് മടങ്ങും. വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ ഏഴിമല നാവിക അക്കാദമിയിലേക്ക് പോകുന്ന ഉപരാഷ്ട്രപതി വൈകീട്ട് കണ്ണൂർ വിമാനത്താവളം വഴി ഡൽഹിയിലേക്ക് മടങ്ങും.

ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് ഐ ജി നീരജ് കുമാർ ഗുപ്തയുടെ നേതൃത്വത്തിൽ മട്ടന്നൂരിൽ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. 1300-ഓളം പോലീസുകാരെ ആണ് സുരക്ഷയ്ക്കായി വിന്ന്യസിച്ചത്.

വിമാനത്താവളം, മട്ടന്നൂർ, കൂത്തുപറമ്പ്, പാനൂർ, കതിരൂർ, പിണറായി, മമ്പറം ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.