Latestദേശീയം

ചെന്നൈ വിമാനത്താവളത്തില്‍ ആരാധകരുടെ തിരക്കില്‍പ്പെട്ട് നടൻ വിജയ് വീണു

വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ ജനനായകന്റെ ഓഡിയോ ലോഞ്ചിനായി മലേഷ്യയിലെ റെക്കോർഡ് പങ്കാളിത്തം കുറിച്ച ഔദ്യോഗിക പരിപാടികള്‍ കഴിഞ്ഞ് ചെന്നൈയില്‍ തിരിച്ചെത്തിയ തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും നടനുമായ ദളപതി വിജയ് വിമാനത്താവളത്തില്‍ ആരാധകരുടെ തിരക്കില്‍പ്പെട്ട് വീണു.ഞായറാഴ്ച രാത്രി വൈകി ചെന്നൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു താരത്തെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഒരുപോലെ അമ്ബരപ്പിച്ച സംഭവങ്ങള്‍ അരങ്ങേറിയത്. താരത്തെ ഒരുനോക്ക് കാണാൻ തടിച്ചുകൂടിയ ആയിരക്കണക്കിന് ആരാധകരുടെ ആവേശം നിയന്ത്രിക്കാനാകാതെ വന്നതോടെയാണ് താരം കാലുതെറ്റി വീണത്.

ഇതിനിടയിലുണ്ടായ ഉന്തും തള്ളിലും പെട്ട് തന്റെ വാഹനത്തിന് തൊട്ടരികില്‍ വെച്ച്‌ വിജയ് നിലത്തു വീണു. ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് അദ്ദേഹത്തെ എഴുന്നേല്‍പ്പിക്കുകയും സുരക്ഷിതമായി വാഹനത്തിനുള്ളിലേക്ക് മാറ്റുകയും ചെയ്തു. താരത്തിന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു.