Latestദേശീയം

ആദായ നികുതി കേസ്: നടൻ വിജയ്ക്ക് തിരിച്ചടി; 1.5 കോടി രൂപ പിഴയടയ്ക്കണമെന്ന് കോടതി

ചെന്നൈ : ആദായ നികുതി കേസില്‍ നടൻ വിജയ്ക്ക് തിരിച്ചടി. ആദായ നികുതി വകുപ്പ് പിഴ ചുമത്തിയത് മദ്രാസ് ഹൈക്കോടതി ശരിവെക്കുകയും വിജയ്‍യുടെ ഹർജി തള്ളുകയും ചെയ്തു.ആദായ നികുതി വകുപ്പ് ചുമത്തിയ ഒന്നരക്കോടി രൂപ പിഴ വിജയ് അടയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. 2015-16 വർഷത്തെ വരുമാനത്തില്‍ 15 കോടി രൂപ റിട്ടേണ്‍സില്‍ കാണിച്ചില്ലെന്നായിരുന്നു കേസ്. പുലി സിനിമയില്‍ നിന്ന് ലഭിച്ച വരുമാനമാണ് മറച്ചുവച്ചത്. ഇതേത്തുടർന്ന് ആദായ നികുതി വകുപ്പ് ഒന്നരക്കോടി രൂപ പിഴ വിധിച്ചിരുന്നു. ഇതിനെതിരെ വിജയ് നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് തള്ളിയാണ് ഉത്തരവിട്ടത്.

2015 സെപ്റ്റംബറില്‍ വിജയ്‌യുടെ വസതിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയെ തുടർന്നാണ് പിഴ ചുമത്തിയത്. ഇതിനെതിരെ വിജയ് 2022ല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ മാസം ഹർജിയില്‍ ഉത്തരവുകള്‍ മാറ്റിവച്ച ജസ്റ്റിസ് സെന്തില്‍കുമാർ രാമമൂർത്തിയാണ് ഇന്ന് ഉത്തരവിട്ടത്. പരിശോധനകള്‍ക്കും റെയ്ഡിനും ശേഷം മാത്രമാണ് വിജയ് വരുമാന വിവരം വെളിപ്പെടുത്തിയതെന്നും പിഴ ചുമത്തിയ നടപടിയില്‍ വീഴ്ചയില്ലെന്നും കോടതി നിരീക്ഷിച്ചു. വിജയ്‌ക്ക് ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കാമെന്നും കോടതി അറിയിച്ചു.