ഇന്ന് വിജയദശമി.

ഇന്ന് വിജയദശമി. ആദ്യാക്ഷരം കുറിച്ച്‌ അക്ഷര മുറ്റത്തേക്ക് കാല്‍ വയ്ക്കാൻ കുരുന്നുകള്‍ എത്തിത്തുടങ്ങി. സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

വിദ്യാരംഭം കുറിക്കുന്നതിന് ഒരു നിലവിളക്കിന്റെ മുമ്ബില്‍ ആചാര്യന്‍ ഇരിക്കണം. കുട്ടിയെ മടിയിലിരുത്തി സ്വര്‍ണ്ണം കൊണ്ട് നാവില്‍ ഹരിശ്രീ ഗണപതയേ നമഃ എന്ന് എഴുതണം.

പിന്നീട് ഒരു തളികയില്‍ അരിയെടുത്ത് കുട്ടിയുടെ മോതിരവിരല്‍ കൊണ്ട് അരിയില്‍ ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു എന്ന് എഴുതിക്കണം. അക്ഷരമാലയിലെ മുഴുവന്‍ അക്ഷരങ്ങളും എഴുതുകയാണ് ഉത്തമം. മാതാപിതാക്കളും മുത്തശ്ശന്‍ മുത്തശ്ശി തുടങ്ങിയവരും ആദ്യമായി എഴുതിക്കാന്‍ ഏറ്റവും ഉത്തമമാണ്.പൂജയില്‍ ശ്രദ്ധിക്കേണ്ടത്: ശുഭ്രവസ്ത്രം ധരിച്ച്‌ വെളുത്ത പൂക്കള്‍ കൊണ്ട് ദേവിയെ പ്രാര്‍ത്ഥിക്കുക. വ്രതം പാലിക്കണം.

മന്ത്രോപദേശം സ്വീകരിച്ച്‌ ചെയ്യുന്നത് കൂടുതല്‍ ഉത്തമം.കുട്ടിയെ എഴുത്തിനിരുത്തേണ്ടത് നവരാത്രികാലത്ത് മാത്രമേ പാടുള്ളൂ എന്ന് നിര്‍ബ്ബന്ധമില്ല. ശുഭമൂര്‍ത്തം കുറിച്ച്‌ എപ്പോള്‍ വേണമെങ്കിലും കുട്ടികളെ എഴുത്തിനിരുത്താം. വിജയദശമി ഇതിന് ഒരു വര്‍ഷത്തെ ഏറ്റവും നല്ല ദിവസം എന്ന് മാത്രം.നവരാത്രിപൂജയും സരസ്വതിപൂജയും കുട്ടികളുടെ മാത്രം ജോലിയല്ല, എല്ലാവര്‍ക്കും വേണ്ടിയാണ്. വിദ്യതെളിയുന്നതിനും പഠിക്കുന്നതിനും വേണ്ടി മാത്രമല്ല പഠിച്ച വിദ്യകള്‍ ഗുണകരമായി ഫലിക്കുന്നതിനും സരസ്വതികടാക്ഷം ആവശ്യമാണ്.