സേലത്തെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി നിഷേധിച്ച് ജില്ലാ പൊലീസ് മേധാവി
ടിവികെ അധ്യക്ഷൻ വിജയ്‌യുടെ സേലത്ത് ഡിസംബർ നാലിന് നടത്താനിരുന്ന പൊതുയോഗത്തിന് ജില്ലാ പോലീസ് മേധാവി അനുമതി നിഷേധിച്ചു.കാർത്തിക ദീപം മഹോത്സവത്തോടനുബന്ധിച്ച് തിരുവണ്ണാമല ക്ഷേത്രത്തില്‍ സുരക്ഷാ ചുമതലകള്‍ക്ക് കൂടുതല്‍ പൊലീസുകാരെ നിയോഗിക്കേണ്ടതുണ്ടെന്നതാണ് ജില്ലാ പൊലീസ് മേധാവിയുടെ വിശദീകരണം. കൂടാതെ ഡിസംബർ 6 ബാബ്രി മസ്ജിദ് ദിനമായതിനാല്‍ ആ ദിവസം പൊതുയോഗങ്ങള്‍ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
എന്നാല്‍ മറ്റൊരു തീയതിക്ക് അപേക്ഷ നല്‍കിയാല്‍ പരിഗണിക്കാമെന്ന സൂചനയാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ലഭിച്ചത്.കഴിഞ്ഞ സെപ്തംബർ 27ന് കരൂരിലെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർക്ക് ജീവൻ നഷ്ടമായതോടെയാണ് വിജയ്ക്ക് സംസ്ഥാനപര്യടനം നിർത്തിവയ്‌ക്കേണ്ടി വന്നത്. ഇതിന് പിന്നാലെ രാഷ്ട്രീയപാർട്ടികളുടെ റാലിക്ക് പൊതുമാനദണ്ഡം ഉണ്ടാക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കാനിരിക്കെയാണ് സേലത്ത് പൊതുയോഗം നടത്താൻ അനുമതി തേടി ടി.വി.കെ നേതാക്കള്‍ പൊലീസിനെ സമീപിച്ചത്.
