വിഴിഞ്ഞം സംഘര്‍ഷം; സര്‍ക്കാരിന്‍റെ ആസൂത്രിത നീക്കത്തിന്‍റെ ഫലമെന്ന് ഫാ.യൂജിൻ പെരേര

തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഘർഷം സർക്കാരിന്റെ ആസൂത്രിത നീക്കത്തിന്‍റെ ഫലമാണെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പെരേര. വൈദികർക്കെതിരെ ഗൂഡാലോചന നടക്കുന്നുണ്ടെന്നും യൂജിൻ പെരേര പറഞ്ഞു. സമരസമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപത വികാരി ജനറലുമായ ഫാ.യൂജിൻ പെരേര അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിരുന്നു. വധശ്രമം, ഗൂഢാലോചന, കലാപാഹ്വാനം, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എട്ട് കേസുകളാണ് വിഴിഞ്ഞം പൊലീസ് ഇതുവരെ രജിസ്റ്റർ ചെയ്തത്. സംഘം ചേര്‍ന്നതിനും പൊതുമുതൽ നശിപ്പിച്ചതിനും തുറമുഖത്തെ പിന്തുണയ്ക്കുന്നവർക്കെതിരെ രണ്ട് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വിഴിഞ്ഞം സംഘർഷത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോയാണ് കേസിലെ ഒന്നാം പ്രതി. സഹായമെത്രാൻ ഡോ. ആർ ക്രിസ്തുദാസ് ഉൾപ്പെടെ അമ്പതോളം വൈദികരാണ് പ്രതിപ്പട്ടികയിലുള്ളത്. ബിഷപ്പും വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിൽ ആരോപിക്കുന്നത്. രണ്ട് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന പൊതുമുതൽ നശിപ്പിച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. 

അതേസമയം വിഴിഞ്ഞം സമരം മൂലം തുറമുഖ പദ്ധതിക്കുണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കാനാണ് സർക്കാർ തീരുമാനം. 104 ദിവസം നീണ്ട സമരം മൂലം 200 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് അദാനിയുടെ കണക്ക്. നേരത്തെ വിഴിഞ്ഞം തുറമുഖ നിർമ്മാണ കമ്പനി ലത്തീൻ സഭയിൽ നിന്ന് തുക പിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ എരിതീയിൽ എണ്ണയൊഴിക്കേണ്ടെന്നായിരുന്നു സർക്കാരിന്റെ മുൻ നിലപാട്. പൊതുമുതൽ നശിപ്പിച്ചാൽ പ്രതിഷേധക്കാരിൽ നിന്ന് നഷ്ടം ഈടാക്കണമെന്ന ഹൈക്കോടതി വിധിക്ക് അനുസൃതമായാണ് പുതിയ നീക്കം.