വിഴിഞ്ഞം തുറമുഖം; റെയിൽ തുരങ്ക പാതയുടെ നിർമ്മാണത്തിനുള്ള രൂപരേഖ മടക്കി പരിസ്ഥിതി മന്ത്രാലയം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട റെയിൽ തുരങ്ക പാതയുടെ നിർമ്മാണത്തിനുള്ള രൂപരേഖ പരിസ്ഥിതി മന്ത്രാലയം മടക്കി. നേരത്തെ അംഗീകരിച്ച രൂപരേഖയിലെ മാറ്റമാണ് തിരിച്ചയക്കാൻ കാരണം. നേരത്തെ, കരമാർഗ്ഗമുള്ള റെയിൽപാതയ്ക്ക് അനുമതി നൽകിയിരുന്നു. ഇത് തുരങ്ക പാതയാക്കിയുള്ള രൂപരേഖയാണ് തിരിച്ചയച്ചത്.

പെട്ടെന്നുള്ള വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടാണ് പരിസ്ഥിതി മന്ത്രാലയം തിരിച്ചയത്. സെപ്റ്റംബറിൽ ചേർന്ന വിദഗ്ധ സമിതിയാണ് തുരങ്കത്തിനെതിരെ നിലപാടെടുത്തത്. പദ്ധതി പ്രദേശത്ത് നിന്ന് ബാലരാമപുരം വരെ 10.7 കിലോമീറ്ററാണ് നിർദ്ദിഷ്ട തുരങ്കപാത. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ ഉൾപ്പെടുത്തി പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോർട്ട് നൽകുമെന്ന് വിഴിഞ്ഞം ഇന്‍റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ പറഞ്ഞു.

തുടക്കത്തിൽ, കരമാർഗ്ഗമുള്ള റെയിൽവേ ലൈനിന് അനുമതി തേടിയിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിൽ ജനങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഭൂമിക്കടിയിലൂടെയുള്ളതാക്കി മാറ്റി റിപ്പോർട്ട് സമർപ്പിച്ചത്. ഇതിലാണ് കൂടുതൽ വിശദാംശങ്ങൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.