വിഴിഞ്ഞം ലോകത്തിലെ ഏറ്റവും മികച്ച തുറമുഖമാകും; യുഡിഎഫ് നിലപട് വ്യക്തമാക്കണമെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചയിൽ യുഡിഎഫിനെ കുറ്റപ്പെടുത്തി മുൻ മന്ത്രിയും സി.പി.എം നേതാവുമായ സജി ചെറിയാൻ. പണി പൂർത്തിയായാൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച തുറമുഖമായി വിഴിഞ്ഞം മാറുകയും ഗതാഗത സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഉണ്ടാവുകയും ചെയ്യും. എന്നാൽ പിണറായി സർക്കാരിന്റെ കാലത്ത് അത് ചെയ്യാൻ കഴിയില്ലെന്ന് പറയുന്നത് യു.ഡി.എഫിന്‍റെ വൈകല്യമാണെന്ന് അദ്ദേഹം ആരോപിച്ചു.

തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമോ എന്ന കാര്യത്തിൽ യു.ഡി.എഫ് നിലപാട് വ്യക്തമാക്കിയാൽ നന്നായിരിക്കുമെന്ന് സജി ചെറിയാൻ പറഞ്ഞു. “തുറമുഖം പണിയണോ വേണ്ടയോ എന്ന കാര്യത്തിൽ പ്രതിപക്ഷത്ത് ഏകാഭിപ്രായമുണ്ടോ? അദാനിയെ കൊണ്ടുവരാനാകില്ലെന്ന ഹൈക്കമാൻഡിന്‍റെ നിലപാട് തള്ളിയാണ് അന്നത്തെ യു.ഡി.എഫ് സർക്കാർ കരാർ നൽകിയത്. എല്ലാ ക്ലിയറൻസും ടേംസ് ഓഫ് റഫറൻസും യുഡിഎഫ് കാലത്താണ് ഒപ്പിട്ടത്. പബ്ലിക്ക് ഹിയറിംഗ് അടക്കം നടപടികളെല്ലാം യുഡിഎഫ് കാലത്താണ് നടന്നത്. എന്നിട്ട് വലിയ ബാധ്യതകൾ എൽഡിഎഫിന് മേൽ വച്ചു. സ്ഥലം എംപി ശശി തരൂരിന്റെ വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട നിലപാട് എന്താണ്?” സജി ചെറിയാൻ ചോദിച്ചു.

“തുറമുഖം വേണമെന്നായിരുന്നു സി.പി.എമ്മിന്‍റെ മുൻ നിലപാട്. ലാൻഡ് ലോർഡ് മോഡൽ കരാർ വേണമെന്ന് അന്ന് സി.പി.എം ആവശ്യപ്പെട്ടിരുന്നു. എന്നാൽ യു.ഡി.എഫ് അത് അംഗീകരിച്ചില്ല. അദാനിയുമായുള്ള കരാറിൽ അഴിമതിയുണ്ടെന്നും മത്സ്യത്തൊഴിലാളികൾക്ക് പ്രശ്നമുണ്ടെങ്കിൽ അതും ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. എല്ലാ ഉത്തരവാദിത്തവും പിണറായി സർക്കാരിനെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. മത്സ്യത്തൊഴിലാളികളെ പരിഗണിച്ചില്ലെന്ന വാദം തെറ്റാണെന്നും അന്നും ഇന്നും മത്സ്യത്തൊഴിലാളികൾ കേരളത്തിന്‍റെ സൈന്യമാണെന്നും സജി ചെറിയാൻ പറഞ്ഞു.