ഉപതെരഞ്ഞെടുപ്പ്: പ്രാദേശിക അവധി പ്രഖ്യാപിച്ചു

ജില്ലയിൽ മെയ് 30ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കണ്ണൂർ കോർപ്പറേഷൻ 14ാം വാർഡ് പള്ളിപ്രം, ചെറുതാഴം പഞ്ചായത്ത് 16ാം വാർഡ് കക്കോണി എന്നിവിടങ്ങളിലെ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് വോട്ടെടുപ്പ് ദിവസം അവധി. പോളിങ്ങ് സ്റ്റേഷനായി പ്രവർത്തിക്കുന്ന വാരം യു പി സ്‌കൂൾ, പള്ളിപ്രം യു പി സ്‌കൂൾ, വാരം മാപ്പിള എൽ പി സ്‌കൂൾ, ചുമടുതാങ്ങി അങ്കണവാടി എന്നിവക്ക് മെയ് 29, 30 തീയ്യതികളിൽ അവധിയായിരിക്കും. സർക്കാർ, അർധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർ ഈ വാർഡുകളിലെ വോട്ടറാണെന്ന തെളിവുമായി അപേക്ഷിച്ചാൽ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ബന്ധപ്പെട്ടവർ ചെയ്യണമെന്നും കലക്ടർ അറിയിച്ചു.
സ്വകാര്യ സ്ഥാപനങ്ങൾ, ഐ ടി മേഖല, പ്ലാന്റേഷൻ മേഖല ഉൾപ്പെടെ എല്ലാ സ്വകാര്യ വ്യവസായ, വാണിജ്യ, വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും അന്നേ ദിവസം സ്വന്തം പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം സ്ഥാപന ഉടമകൾ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടറുടെ നിർദ്ദേശ പ്രകാരം ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. ഇതിന് വോട്ടറാണെന്ന് തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷിക്കണം.