Latestകേരളം

സമര നായകന് വിട  :മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അന്തരിച്ചു

രാഷ്ട്രീയ കേരളത്തിന്റെ സമരസ്മരണകളിലെ കെടാത്ത നക്ഷത്രം വി.എസ് അച്യുതാനന്ദൻ ഇനി ജ്വലിക്കുന്ന ഓർമ.മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പുന്നപ്ര-വയലാർ സമരനായകനായി, ഏറ്റവും തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായി പതിറ്റാണ്ടുകളോളം രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ്. അന്തരിച്ചു.

നൂറ്റിരണ്ടാം വയസ്സിലായിരുന്നു പോരാട്ടങ്ങള്‍ രാകിമിനുക്കിയ ആ ജ്വലിക്കുന്ന ജീവിതത്തിന് തിരശ്ശീല വീണത്.മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ ശേഷം വാർധക്യസഹജമായ അവശതകളുമായി വിശ്രമജീവിതം നയിച്ചുവന്ന വി.എസിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ജൂണ്‍ 23-ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. ഭാര്യ വസുമതിയും മക്കളായ വി.എ. അരുണ്‍കുമാറും വി.വി. ആശയും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയവരും മന്ത്രിമാരും പാർട്ടി നേതാക്കളും തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് എസ്.യു.ടി. ആശുപത്രിയില്‍ എത്തി വി.എസിനെ സന്ദർശിച്ചിരുന്നു