വാളയാർ പൊലീസ് മർദ്ദനം; 5 ദിവസത്തിന് ശേഷം സിഐയ്ക്കും ഡ്രൈവർക്കുമെതിരെ കേസെടുത്തു

പാലക്കാട്: വാളയാറിൽ സഹോദരങ്ങളെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ ഒടുവിൽ പൊലീസ് കേസെടുത്തു. പാലക്കാട് ഡി.സി.ആർ.ബി ഡിവൈ.എസ്.പി ശ്രീകുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല. സഹോദരങ്ങൾ പരാതി നൽകി അഞ്ച് ദിവസത്തിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഹൃദയസ്വാമി, ജോൺ ആൽബർട്ട് എന്നിവരുടെ മൊഴിയെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് വാളയാർ സി.ഐ രഞ്ജിത്ത് കുമാറിനെ കോഴിക്കോട് വളയം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ഉപ്പുകുഴി സ്വദേശികളായ സഹോദരങ്ങളായ ഹൃദയസ്വാമി, ജോൺ ആൽബർട്ട് എന്നിവർ അമ്മയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. ഇടക്ക് കാർ നിർത്തിയപ്പോൾ അതുവഴി വന്ന വാളയാർ പൊലീസ് വിവരം തിരക്കി. പിന്നാലെ പൊലീസ് ജീപ്പ് മുന്നോട്ട് നീങ്ങിയപ്പോൾ അത് കാറിൽ ഇടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ഹൃദയസ്വാമിയെ വാളയാർ സി.ഐ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തെന്നാണ് മുഖ്യമന്ത്രിക്കും എസ്.പിക്കും നൽകിയ പരാതിയിൽ പറയുന്നത്. 

കാറിൽ നിന്ന് ഇറങ്ങി തടയാൻ ശ്രമിച്ച ജോൺ ആൽബർട്ടിനെയും ഉദ്യോഗസ്ഥർ മർദ്ദിച്ചു. മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ പൊലീസ് ബലം പ്രയോഗിച്ച് ഡിലീറ്റ് ചെയ്തതായും ഇവർ പറഞ്ഞു. പരിക്കേറ്റെങ്കിലും ഇരുവരും പിന്നീട് അമ്മയെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ മദ്യപിച്ചിരുന്ന ഹൃദയസ്വാമി പൊലീസിനോട് മോശമായി പെരുമാറി എന്നാണ് വാളയാർ പൊലീസിന്‍റെ വിശദീകരണം.