മഴയിലോ പ്രളയത്തിലോ കിണർ മലിനമായോ? എങ്ങനെ തിരിച്ചറിയാം

തിരുവനന്തപുരം: കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം നമ്മുടെ ജലസ്രോതസ്സുകളെ സാരമായി ബാധിച്ചിട്ടുണ്ട്. കിണറ്റിലെ വെള്ളം ഒരു ദിവസം കൊണ്ട് താഴ്ന്നു പോകുന്നു, പെട്ടെന്ന് ഗുണനിലവാരം കുറയുകയും ഉപയോഗശൂന്യമാവുകയും ചെയ്യുന്നു, അങ്ങനെ നിരവധി പ്രശ്നങ്ങളുണ്ട്. വെള്ളപ്പൊക്കത്തിൽ വെള്ളം കയറിയാൽ കുടിവെള്ള സ്രോതസ്സുകൾ മലിനമാകാം. ഇത് പല രോഗങ്ങൾക്കും കാരണമാകും. പലപ്പോഴും, നിറവ്യത്യാസം നോക്കി വെള്ളം മലിനമാണോ എന്ന് നാം തീരുമാനിക്കാറുണ്ട്. പക്ഷേ, യഥാർത്ഥത്തിൽ അങ്ങനെയല്ല അത് പരിശോധിക്കേണ്ടത്. വെള്ളത്തിന്‍റെ ഗുണനിലവാരം പരിശോധിക്കാൻ നിരവധി മാർഗങ്ങളുണ്ട്.

കിണറ്റിൽ മലിനജലം കലർന്നിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ഏറ്റവും എളുപ്പമാർഗമാണ് അമോണിയക്കൽ നൈട്രജൻ പരിശോധന. സാധാരണ കുടിവെള്ളത്തിൽ അമോണിയക്കൽ നൈട്രജൻ പരിശോധിക്കാറില്ല. കാരണം ഇത് മലിനജലത്തിന്‍റെ ഗുണനിലവാര ഘടകമാണ്. എന്നിരുന്നാലും, വെള്ളപ്പൊക്കത്തിന് ശേഷമോ അല്ലെങ്കിൽ മലിനജലം കിണറ്റിൽ പ്രവേശിച്ചതായി സംശയം തോന്നുമ്പോഴോ അമോണിയക്കൽ നൈട്രജൻ പരിശോധിക്കണം. ധാരാളം ജൈവമാലിന്യങ്ങൾ കിണറ്റിലെത്തുമ്പോൾ മാത്രമേ അമോണിയക്കൽ നൈട്രജന്‍റെ അളവ് വർദ്ധിക്കുകയുള്ളൂ. ആ വെള്ളം കുടിക്കാൻ നല്ലതല്ല.