ആറ് പഞ്ചായത്തുകളിൽ ദിവസവും കുടിവെള്ളമെത്തും

കൊളച്ചേരി | ജലജീവൻ മിഷന്റെ ഭാഗമായി വിപുലീകരിച്ച കൊളച്ചേരി കുടിവെള്ള പദ്ധതിയിൽ നിന്നുള്ള ശുദ്ധജലം നാറാത്ത്, കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ, കൂടാളി, മുണ്ടേരി പഞ്ചായത്തുകളിൽ ഇനി ദിവസവും ലഭിക്കും.

ഈ ആറ് പഞ്ചായത്തുകളിൽ വിതരണം ചെയ്യുന്നതിന് നിലവിൽ സംഭരിക്കുന്ന 13.5 ദശലക്ഷം ലിറ്ററിന് പുറമേ, പ്രതിദിനം എട്ടര ദശലക്ഷം ലിറ്റർ വെള്ളം കൂടി ദിവസവും എത്തിച്ച് തുടങ്ങി.

28 കോടിരൂപ ചെലവിൽ 26 കി.മീ. ദൂരത്തിലാണ് പുതിയ പൈപ്പുകൾ സ്ഥാപിച്ചത്. ചില പഞ്ചായത്തുകളിൽ ആഴ്ചയിൽ രണ്ട് ദിവസവും മൂന്ന് ദിവസവുമാണ് കുടിവെള്ളം കിട്ടിക്കൊണ്ടിരുന്നത്. 1990-ൽ ആരംഭിച്ച കൊളച്ചേരി ശുദ്ധജലവിതരണ പദ്ധതി ജലജീവൻ മിഷന്റെ ഭാഗമായാണ് വിപുലപ്പെടുത്തിയത്.

പഴശ്ശി പദ്ധതിയിൽ നിന്ന് ശേഖരിക്കുന്ന വെള്ളം ചാവശ്ശേരിയിലെ പ്ലാന്റിൽ നിന്ന് ശുദ്ധീകരിച്ചതിന് ശേഷമാണ് വിവിധ ജല സംഭരണിയിൽ എത്തിക്കുന്നത്.‌

നാറാത്ത് പഞ്ചായത്തിലേക്ക് കൊളച്ചേരിയിലേതും കൊളച്ചേരി, മയ്യിൽ പഞ്ചായത്തുകളിലേക്ക് പാടിക്കുന്നിലേതും കുറ്റ്യാട്ടൂർ, കൂടാളി പഞ്ചായത്തുകളിലേക്ക് കുറ്റ്യാട്ടൂർ വടുവൻകുളത്തിലെയും ജല സംഭരണികളിൽ നിന്നാണ് വെള്ളം വിതരണം ചെയ്യുന്നത്.