ബെംഗളൂരു വെള്ളക്കെട്ടിൽ; ട്രാക്ടറിൽ കയറി ജോലിക്ക് പോയി ജനങ്ങൾ

ബെംഗളൂരു: നഗരത്തിൽ പലയിടങ്ങളിലും വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും മഴ തുടരുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ നഗരവാസികളും ഐടി കമ്പനികളും ആശങ്കയിലാണ്. റോഡുകൾ പുഴയായതിനെ തുടർന്ന് ട്രാക്ടർ മാർഗമാണ് ആളുകൾ സഞ്ചരിച്ചിരുന്നത്. ഐടി ഉദ്യോഗസ്ഥർ ട്രാക്ടറിൽ ജോലിക്കുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

കമ്പനി പ്രതിനിധികളുമായി കർണാടക ഐടി മന്ത്രി സി.എൻ. അശ്വത്‌നാരായണൻ ചർച്ച നടത്തും. ഇൻഫോസിസ്, വിപ്രോ, നാസ്കോം, ഗോൾമാൻ സാക്സ്, ടാറ്റ, ഫിലിപ്സ് തുടങ്ങിയ കമ്പനികളുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കും. ചീഫ് സെക്രട്ടറി വന്ദിത ശർമ്മ, ബെംഗളൂരു സിവിൽ ബോഡി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ്, നഗരത്തിലെ ജല അതോറിറ്റി, നഗര വികസന വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ് കമ്മിഷണർ സിഎച്ച് പ്രതാപ് റെഡ്ഡി എന്നിവരും യോഗത്തിൽ പങ്കെടുക്കും.

റോഡിലെ വെള്ളം കുറഞ്ഞതോടെ ഗതാഗതം സാധാരണ നിലയിലായി വരുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലേക്കും അപ്പാർട്മെന്റുകളിലെ പാർക്കിങ് ഏരിയയിലേക്കും ഇരമ്പിക്കയറിയ ചെളിവെള്ളം പമ്പ് ചെയ്ത് വറ്റിക്കുന്ന തിരക്കിലാണ് ജനം. വൈറ്റ്ഫീൽഡ്, ബെലന്തൂർ, യെമലൂർ, മാറത്തഹള്ളി, സർജാപുര ഒൗട്ടർ റിങ് റോഡ് തുടങ്ങിയ ഇടങ്ങളിലാണ് ദുരിതമേറെയും. വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളിലെ സ്വകാര്യ സ്കൂളുകൾക്ക് കഴിഞ്ഞ ദിവസം അവധി നൽകിയുന്നു. ഇവിടങ്ങളിൽ ഓൺലൈൻ ക്ലാസുകൾ തുടരുകയാണ്. കമ്പനികൾ ജീവനക്കാരോടു വീടുകളിലിരുന്നു ജോലി ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്.