ചൂരൽമലയിൽ കനത്ത മഴ; ഉരുൾപൊട്ടിയതായി സംശയം
കൽപറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടലും ശക്തമായ മലവെള്ളപ്പാച്ചിലും. നേരത്തെ ഉരുൾപൊട്ടലുണ്ടായ വെള്ളരിമലയിലാണ് ഉരുൾപൊട്ടിയതായി സൂചന.
ബെയ്ലി പാലത്തിന് സമീപം നല്ല കുത്തൊഴുക്കുണ്ട്. വലിയ കല്ലുകൾ ഒഴുകി വരികയാണ്. പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് നല്ല മഴ തുടരുകയാണ്.ഉരുൾപൊട്ടിയതായി സ്ഥിരീകരിച്ചിട്ടില്ല.
റവന്യൂ അധികൃതരും പൊലീസും സ്ഥലത്തേക്ക് പുറപ്പെട്ടു. കൽപ്പറ്റയിൽ നിന്നും ഉദ്യോഗസ്ഥർ ചൂരൽമലയിലേക്ക് പുറപ്പെട്ടു. ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. നേരത്തെ ഉരുൾപ്പൊട്ടിയ ഭാഗത്ത് ഉണ്ടായ ഉറപ്പില്ലാത്ത മണ്ണും മറ്റും ഒഴുകിവന്നതാണ് ഇപ്പോഴത്തെ കുത്തൊഴുക്കിന് കാരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
അപകടകരമായ സാഹചര്യമില്ലെന്ന് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു.ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പുഴയിൽ നിന്ന് വലിയ കല്ലുകളും പാറകളും നീക്കുന്ന പ്രവർത്തി നടക്കുന്നുണ്ട്. പുഴയിൽ ചെളിയും വെള്ളവും കൂടാൻ കാരണമിതാണെന്ന് കളക്ടർ റവന്യു വകുപ്പിനെ അറിയിച്ചു.
